സഭയിൽ അരാജകത്വത്തിന്റെ ലക്ഷണങ്ങൾ
കൊച്ചി: സീറോ മലബാർ സഭയിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും പരസ്യപ്രതിഷേധങ്ങളും സമരങ്ങളും അച്ചടക്കത്തിന്റെ സീമകൾ ലംഘിച്ചെന്ന് സഭാ സിനഡ് യോഗത്തിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.
സഭയിലെ ഭൂരിപക്ഷം വൈദികരും കന്യാസ്ത്രീകളും അച്ചടക്കത്തോടെ വ്രതങ്ങൾ പാലിച്ച് ജീവിക്കുന്നവരാണെങ്കിലും ചില വൈദികരും സന്യസ്തരും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈകളിലെ പാവകളായി മാറിയെന്നാണ് സിനഡിന്റെ കണ്ടെത്തൽ. സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ അച്ചടക്കരാഹിത്യങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമാക്കി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നാലു പേജ് സർക്കുലർ നാളെ സഭയിലെ പള്ളികളിൽ വായിക്കും.
എറണാകുളം അങ്കമാലി അതിരൂപതയുടെ സ്ഥലമിടപാടുമായി ബന്ധപ്പെട്ട് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയോഗിച്ച വിദഗ്ദ്ധ സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് റോമിലെ സഭാ കാര്യാലയത്തിന് സമർപ്പിക്കുമെന്നും സിനഡ് അറിയിച്ചു.
സിനഡ് നടപടികൾ
1 ) ഗുരുതര അച്ചടക്കലംഘനം നടത്തുന്നവർക്ക് കാരണം കാണിക്കൽ നോട്ടീസ്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ രൂപതാദ്ധ്യക്ഷരും സന്യാസസമൂഹ അധികാരികളും ശിക്ഷാനടപടി സ്വീകരിക്കണം.
2 ) സഭയെയും സഭാദ്ധ്യക്ഷനെയും വൈദികരെയും അധിക്ഷേപിക്കുന്ന മാദ്ധ്യമങ്ങൾക്ക് എതിരെ നിയമനടപടി
3 ) ടിവി ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും സഭയുടെ അനുമതി ലഭിച്ചവർ മാത്രമേ പങ്കെടുക്കാവൂ.
4 ) പൊതുസമരങ്ങൾക്കും കേസുകൾക്കും ഇറങ്ങുന്ന വൈദികരും കന്യാസ്ത്രീകളും കാനോനിക നിയമങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. വീഴ്ച വരുത്തുന്നത് അച്ചടക്കലംഘനം
5 ) സഭയുടെ വസ്തുവകകളും സ്ഥാപനങ്ങളും സർക്കാരിനു കൈമാറണമെന്ന് വാദിക്കുന്ന സംഘടനകളെ തള്ളിക്കളയുന്നു. ഇവരുമായി വിശ്വാസികൾ സഹകരിക്കരുത്.