കൊച്ചി: പോർച്ചുഗീസുകാരനായ നെലോ വിൻഗാഡ (എഡ്യൂറഡോ മാന്വൽ മർട്ടിനോ) കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി ചുമതലയേറ്റു. 2019 മേയ് വരെയാണ് കാലാവധി. 1968 മുതൽ 1980 വരെ പോർച്ചുഗൽ കളിക്കാരനായിരുന്ന നേലോ വിൻഗാഡ ഇപ്പോൾ ലോകത്തിലെ ഏറ്റവും പരിചയ സമ്പന്നനായ പരിശീലകരിൽ ഒരാളാണ്.
പത്ത് രാജ്യങ്ങളിൽ നിന്ന് ഇരുപതോളം ഫുട്‌ബാൾ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള നെലോ വിൻഗാഡ ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിനു മുൻപ് മലേഷ്യൻ ദേശീയടീമിന്റെ പ്രധാന പരിശീലകനായിരുന്നു. 1996ൽ എ.എഫ്.സി ഏഷ്യൻകപ്പിൽ സൗദി അറേബ്യൻ നാഷണൽ ടീം കിരീടം നേടിയത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്.
ഫുട്‌ബാൾ ലോകത്ത് പ്രൊഫസർ എന്നറിയപ്പെടുന്ന വിൻഗാഡയുടെ കീഴിൽ പോർച്ചുഗീസ് അണ്ടർ 20 ടീം 1995ലെ ഫിഫാ യൂത്ത് വെൽഡ് ചാംപ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.
ഐ.എസ്.എലിൽ വരാനിരിക്കുന്ന മത്സരങ്ങൾക്കും സൂപ്പർകപ്പിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് പുത്തനുണർവ് നല്കാൻ നെലോയുടെ പരിചയസമ്പന്നത മുതൽ കൂട്ടാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌സ് വെഞ്ചഴ്‌സ് ഡയറക്ടർ നിതിൻ കുക്രേജ പറഞ്ഞു.