കൊച്ചി: ആസ്വാദനമൂല്യവും സൃഷ്ടിപരമായ മികവുമുള്ളവയായിരുന്നു വിക്ടർ ജോർജിന്റെ ചിത്രങ്ങളെന്ന് ചലച്ചിത്ര ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ പറഞ്ഞു. ലക്ഷ്യബോധവും പ്രചോദനവുമാണ് സത്യസന്ധതയോടെ ജോലിചെയ്യാനുള്ള ഊർജമെന്ന് കേരള മീഡിയ അക്കാഡമി സംഘടിപ്പിച്ച വിക്ടർ ജോർജ് അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു.
കേരള മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ ആരംഭിച്ച ഫോട്ടോ ജേർണലിസം കോഴ്‌സിന്റെ ഉദ്ഘാടനവും സന്തോഷ് ശിവൻ നിർവഹിച്ചു.
ആധുനിക കാമറകളും മറ്റുമുണ്ടെങ്കിലും സ്വന്തം കണ്ണു തന്നെയാണ് നല്ല കാമറ. പലപ്പോഴും കൈയിലുള്ള പഴയ ഒരു കാമറയാകും മികച്ച ചിത്രങ്ങളിലേക്ക് കണ്ണു തുറക്കുക. ഡിജിറ്റൽ യുഗത്തിൽ ഉണ്ടായ മാറ്റങ്ങൾ കാലത്തിന്റെ അനിവാര്യതയാണ്. നല്ല നിരീക്ഷണമുണ്ടെങ്കിൽ മാത്രമേ വ്യത്യസ്തമായ ഫ്രെയിമുകൾ ഉണ്ടാകൂവെന്ന് അദ്ദേഹം പറഞ്ഞു.
അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. അക്കാഡമി ജനറൽ കൗൺസിൽ അംഗവും വിക്ടറിന്റെ സഹപ്രവർത്തകനുമായിരുന്ന മലയാള മനോരമ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ എം.കെ. കുര്യാക്കോസ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ദിലീപ്, അക്കാഡമി കൗൺസിൽ അംഗം ദീപക് ധർമ്മടം, സെക്രട്ടറി ഇൻ ചാർജ് പി.സി. സുരേഷ് കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ ഡയറക്ടർ ഡോ. എം. ശങ്കർ, കോഴ്‌സ് കോ ഓർഡിനേറ്റർ ലീൻ തോബിയാസ് എന്നിവർ സംസാരിച്ചു.