vimal

നെടുമ്പാശേരി: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് ഐ.ടി.സി വിദ്യാർത്ഥികൾ തത്ക്ഷണം മരിച്ചു. അങ്കമാലി അയ്യമ്പുഴ നോമ്പിക്കോട്ട് വീട്ടിൽ ഷിബുവിന്റെ മകൻ വിമൽ (21), കോലഞ്ചേരി പട്ടിമറ്റം ചെങ്ങര നടയൻതുരുത്തി വീട്ടിൽ അരുൺരാജുവിന്റെ മകൻ അജിത്ത് (22) എന്നിവരാണ് മരിച്ചത്. അങ്കമാലി കിടങ്ങൂർ സെന്റ് ജോർജ് ഐ.ടി.സി വിദ്യാർത്ഥികളാണ്.

ഇന്നലെ രാവിലെ എട്ടിന് അത്താണി - ചെങ്ങമനാട് റോഡിൽ അപകടം പതിവായ പുത്തൻതോട് ഗ്യാസ് ഏജൻസിക്ക് സമീപത്തെ വളവിലായിരുന്നു സംഭവം. സഹപാഠിയായ പൊയ്‌ക്കാട്ടുശേരി സ്വദേശി ശ്രീജിത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച രാത്രി 16 പേർ ബൈക്കുകളിലെത്തിയിരുന്നു. എട്ടുപേർ ചെങ്ങമനാട്ട് ലോഡ്‌ജിൽ മുറിയെടുത്തു. മറ്റുള്ളവർ രാത്രി മടങ്ങിപ്പോയി. ലോഡ്‌ജിൽ താമസിച്ചിരുന്ന നാലുപേർ രാവിലെ ഐ.ടി.സിയിലേക്ക് പോയിരുന്നു. ഇവർ പോയി അര മണിക്കൂർ കഴിഞ്ഞാണ് വിമലും അജിത്തും ഐ.ടി.സിയിലേക്ക് പുറപ്പെട്ടത്. വിമലാണ് ബൈക്കോടിച്ചിരുന്നത്.

പുത്തൻതോട് വളവിൽ എതിരെ വന്ന ടോറസിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഇടിയിൽ റോഡരികിലെ മതിലും ഇരുമ്പ് ഗേറ്റും തകർത്ത ബൈക്ക് ചുമരുകളിൽ ഇടിച്ച ശേഷം സമീപത്തെ തേക്കാനത്ത് ബെന്നിയുടെ വീട്ടുമുറ്റത്ത് തെറിച്ചുവീണു. ശബ്ദം കേട്ട് ബെന്നിയുടെ വീട്ടുകാരാണ് ആദ്യം എത്തിയത്. ലോഡ്ജിൽ നിന്ന് പിന്നാലെ വന്ന ഫെബിൻ എന്ന സഹപാഠിയും സുഹൃത്തുമാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത്.

വിമലിന്റെ മൃതദേഹം മഞ്ഞപ്ര ചന്ദ്രപ്പുര സെന്റ് ജോർഫ് യാക്കോബായ പള്ളിയിലും അജിത്തിന്റേത് കാക്കനാട് അത്താണി പൊതുശ്മശാനത്തിലും സംസ്‌കരിച്ചു. ഉഷയാണ് വിമലിന്റെ അമ്മ. സഹോദരൻ: അമൽ. അജിത്തിന്റെ അമ്മ: ജയ. സഹോദരങ്ങൾ: അഭിജിത്ത്, അനിൽ.