mvpa-403
എം.ജെ ഷാജി മുട്ടുകുത്തിനിന്നു സമരം നടത്തുന്നു

മൂവാറ്റുപുഴ: എം.സി റോഡിൽ അപകടങ്ങൾ തുടരുമ്പോഴും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളെടുക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് ഓഫീസിനു മുന്നിൽ റീത്ത് സമർപ്പിച്ച് മതിലിനു മുകളിൽ മുട്ടുകുത്തി നിന്നുള്ള സമരവുമായി എം.ജെ. ഷാജി. ഒറ്റയാൾ സമരനായകൻഎം.ജെ.ഷാജിയാണ് പുതിയ സമര മുറയുമായി രംഗത്തെത്തിയത് . കൂത്താട്ടുകുളം മുതൽ മൂവാറ്റുപുഴ വരെ കെ.എസ്.ടി.പിയുടെ എം.സി റോഡ് നിർമാണം പൂർത്തിയായതിനു പുറമെ മൂവാറ്റുപുഴ മുതൽ പെരുമ്പാവൂർ വരെ ടാറിംഗും കഴിഞ്ഞതോടെയാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ നടന്നു. നിരവധി പേരുടെ ജീവനാണ് പൊലി​ഞ്ഞത്. മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡിൽ വളവുകൾ കാര്യമായി നിവർത്താതെയാണ് റോഡ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. മുന്നറിയിപ്പു ബോർഡുകളോ സിഗ്നൽ ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല. നി​രീക്ഷണ കാമറ വയ്ക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. അപകടങ്ങൾ തുടരെയായതോടെ അധി​കൃതരുടെ പരിശോധന കാര്യക്ഷമമാക്കണമെന്ന നിർദ്ദേശവും ഉയർന്നിരുന്നു. ഇതി​നൊന്നും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഷാജി സമരത്തിനി​റങ്ങി​യത്.