ബോട്ടിൽ കയറാനാവാതെ മടങ്ങിയ ഒരാൾ കസ്‌റ്റഡിയിൽ
കൊച്ചി: മുനമ്പത്തു നിന്ന് 212 ശ്രീലങ്കൻ വശംജർ ബോട്ടിലൂടെ ആസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ബോട്ടിൽ കൊള്ളാവുന്നതിലധികം ആളുകൾ കയറിയതോടെ ഏതാനും പേർ ഭയന്ന് പിൻവാങ്ങി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ബോട്ടിൽ കയറാനാവാതെ മടങ്ങിയ പ്രഭു ദണ്ഡുവാണിയെ ഡൽഹിയിൽ നിന്ന് പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളെ ആലുവ പൊലീസ് ക്‌ളബിൽ ചോദ്യം ചെയ്യുകയാണ്. ബോട്ടിൽ കയറാൻ പറ്റാത്തവരുടെ 71 ബാഗുകളാണ് ഉപേക്ഷിക്കേണ്ടി വന്നതെന്ന് പ്രഭു ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഭാര്യയേയും മക്കളെയും ബോട്ടിൽ കയറ്റി വിട്ടു.
മനുഷ്യക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് അറിയില്ലെന്നാണ് പ്രഭുവിന്റെ മൊഴി. മുഴുവൻ പണവും നൽകാത്ത ചിലരെ ബോട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. അക്കൂട്ടത്തിൽ ഉൾപ്പെട്ടയാളാണോ പ്രഭുവെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
ആസ്ട്രേലിയയിലേക്ക് കടക്കാൻ ആളൊന്നുക്ക് ഒന്നര ലക്ഷം രൂപ വാങ്ങിയതായാണ് സൂചന. ഡൽഹിയിലെ അംബേദ്‌ക്കർ കോളനി കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ട്മെന്റ്. ഇതിനു ശേഷമാണ് ആളുകളെ മുനമ്പത്തെത്തിച്ചത്. പ്രഭുവിനെ കസ്‌റ്റഡിയിലെടുത്തതും അംബേദ്‌ക്കർ കോളനിയിൽ നിന്നാണ്. ക്രിമിനലുകളുടെ താവളമായ ഇവിടെ പൊലീസിന് വിശദമായ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. തമിഴ് വംശജർ തിങ്ങിപ്പാർക്കുന്ന കോളനിയിൽ ഡൽഹി പൊലീസ് പോലും ഭയന്നാണ് പ്രവേശിക്കുന്നത്.
മുനമ്പം സ്വദേശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ദയാമാത-2 എന്ന ബോട്ടിലാണ് മനുഷ്യക്കടത്ത് നടന്നത്. 2017ലാണ‌് ഈ ബോട്ട് നിർമ്മിച്ചത‌്. 30 ദിവസം വരെ കടലിൽ സഞ്ചരിക്കാവുന്ന സജ്ജീകരണങ്ങളുണ്ട്.1.20 കോടിക്ക‌് കോവളം സ്വദേശി അനിൽകുമാറിന് ബോട്ട‌് വിറ്റെങ്കിലും ഉടമസ്ഥാവകാശം ഇപ്പോഴും മുനമ്പം സ്വദേശിയുടെ പേരിലാണ‌്. തമിഴ‌്നാട‌് കുളച്ചൽ സ്വദേശി ശ്രീകാന്തൻ, തിരുവള്ളൂർ സ്വദേശി രവി എന്നിവരാണ‌് മനുഷ്യകടത്തിന‌് പിന്നിലെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്.