കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് 30 -നു ചേരുന്ന സംസ്ഥാന കൗൺസിൽ യോഗം അന്തിമരൂപം നൽകും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു മുന്നോടിയായി ബൂത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികൾ പുന:സംഘടിപ്പിക്കും. പ്രവർത്തക യോഗങ്ങളും ക്യാമ്പുകളും കൺവെൻഷനുകളും ഗൃഹസന്ദർശനം ഉൾപ്പെടെ വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും സംസ്ഥാന കൗൺസിൽ തീരുമാനിച്ചു.
സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാറിന് (പത്തനംതിട്ട) കൈമാറി. കേരളത്തിൽ ഇത്തവണ എൻ.ഡി.എയ്ക്ക് മികച്ച നേട്ടമുണ്ടാക്കാനാകുമെന്ന് യോഗം വിലയിരുത്തി. കേന്ദ്ര സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയങ്ങളും ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രതികാര ബുദ്ധിയോടെയുള്ള സമീപനവും വിശ്വാസികൾക്കു നേരെയുള്ള അതിക്രമങ്ങളും തിരഞ്ഞെടുപ്പിൽ പ്രത്യാഘാതമുണ്ടാക്കും.
തൃശൂരിലെ പള്ളി തർക്കത്തിൽ ബിഷപ്പിനെതിരെ സ്വീകരിക്കുന്ന നടപടികൾ, ഈ സർക്കാർ എല്ലാ മതവിശ്വാസങ്ങൾക്കും എതിരാണെന്ന സൂചനയാണ് നൽകുന്നതെന്ന് യോഗം വിലയിരുത്തി. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അരയാക്കണ്ടി സന്തോഷ്, സുഭാഷ് വാസു, കെ.പത്മകുമാർ, രാജേഷ് നെടുമങ്ങാട്, സോമശേഖരൻ നായർ, അഡ്വ.സംഗീതാ വിശ്വനാഥൻ, ഉണ്ണിക്കൃഷ്ണൻ, ബിനു അനുരാഗ് എന്നിവർ പ്രസംഗിച്ചു.