puthenthodu
അപകട ഭീഷണി ഉയർത്തുന്ന ചെങ്ങമനാട് പുത്തൻതോടിന് സമീപം തെയ്ക്കാനത്ത് ഗ്യാസ് ഏജൻസിക്ക് മുന്നിലുള്ള വളവ്‌

നെടുമ്പാശേരി: പറവൂർ മേഖലയിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ ചെങ്ങമനാട് പുത്തൻതോടിന് സമീപം തെയ്ക്കാനത്ത് ഗ്യാസ് ഏജൻസിക്ക് മുന്നിലുള്ള വളവ് അപകട മേഖലയായിട്ടും പരിഹരിക്കാത്ത പൊതുമരാമള് വകുപ്പ് അധികാരികളുടെ നടപടിയിൽ പ്രതിഷേധം ശക്തമായി. അധികൃതരുടെ അനാസ്ഥയുടെ ഒടുവിലത്തെ ഇരകളാണ് കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ രണ്ട് യുവാക്കൾ.

അത്താണി - ചെങ്ങമനാട് റോഡിലെ പുത്തൻതോടിന് സമീപം നിരവധി അപകടങ്ങളാണ് നടക്കുന്നത്. അപകടത്തിൽപ്പെടുന്നവയിൽ ഏറെയും ഇരുചക്ര വാഹനങ്ങളാണ്. പലരും തലനാരിഴയ്ക്കാണ് രക്ഷപെടുന്നത്. എതിരെ നിന്നുവരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത നിലയിലുള്ള കൊടുംവളവും ഇറക്കവുമാണ് പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നത്. എതിർദിശയിൽ നിന്ന് വരികയായിരുന്ന ടോറസ് വാഹനത്തിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് കഴിഞ്ഞദിവസം യുവാക്കളുടെ ബൈക്ക് അപകടത്തിൽപെട്ടത്.

ഈ ഭാഗത്തെ അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. റോഡ് വീതി കൂട്ടി വളവ് ഒഴിവാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പല തവണ ശ്രമം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. മുൻപ് ഈ ഭാഗത്തെ കുഴികളാണ് അപകടത്തിന് ഇടയാക്കിയിരുന്നതെങ്കിൽ ഇപ്പോൾ വാഹനങ്ങളുടെ അമിത വേഗതയും അപകടം കൂട്ടുന്നു. ഇവിടെ അപകട മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമായതോടെ ഇതുവഴിയുള്ള വാഹനയാത്രയും വർദ്ധിച്ചു.