action
ആലുവ ബൈപ്പാസിൽ പുതിയ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ദേശീയപാതയിൽ ആലുവയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ പുളിഞ്ചോടിനെയും തോട്ടക്കാട്ടുകരയെയും ബന്ധപ്പെടുത്തി ഫ്ളൈ ഓവർ നിർമ്മിക്കുന്നതിന്റെ സാദ്ധ്യത പഠനം നടത്താൻ നാറ്റ്പാകിനോട് ആവശ്യപ്പെടുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.

ആലുവയിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ചേർന്ന് രൂപീകരിച്ച ആക്ഷൻ കൗൺസിൽ ഫോർ ഡവലപ്പമെന്റ് ഒഫ് ആലുവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ ധർന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ പൊതുവികസനത്തിൽ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. ആക്ഷൻ കൗൺസിൽ ചെയർമാൻ എം.എൻ. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു.

കൺവീനർ സാബു പരിയാരത്ത് , സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, ഡോ. ടോണി ഫെർന്നാണ്ടസ്, ബി.എ. അഅബ്ദുൾ മുത്തലിബ്, തോപ്പിൽ അബു, ടി.എം. സക്കീർ ഹുസൈൻ, കെ.എ. കുഞ്ഞുമോൻ, കെ.ജെ. ഡൊമിനിക്, ലത്തീഫ് പൂഴിത്തറ, വി.ടി. ചാർളി, കെ. ജയപ്രകാശ്, ദാവൂദ് ഖാദർ, എ.വി. റോയി, വി.ഡി. രാജൻ എന്നിവർ പ്രസംഗിച്ചു