കൊച്ചി: കുട്ടികൾക്ക് ഇഷ്ടപ്പെട്ട ജലച്ചായത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിത്രകലയെ ഗൗരവമായി കാണുന്ന വിദ്യാർത്ഥികൾക്ക് മനസിലാക്കി നൽകി ബിനാലെ നാലാം ലക്കത്തിലെ ആർട്ട് റൂമിൽ പരിശീലന കളരി സംഘടിപ്പിച്ചു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടത്തുന്ന ആർട്ട് ബൈ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി ഫോർട്ട്‌കൊച്ചി കബ്രാൾ യാർഡിൽ തുടങ്ങിയ ആർട്ട് റൂമിൽ സുനിൽ ലിനസ്ഡിയാണ് കുട്ടികൾക്ക് ക്ലാസെടുത്തത്. ഏതു കലാസൃഷ്ടിയായാലും അതിന്റെ പൂർണരൂപം ചിത്രം പോലെ തന്നെ മനസിൽ ഉണ്ടാകണമെന്ന് സുനിൽ പറഞ്ഞു. അവസാന മിനുക്കു പണിയിൽ ചെറിയ മാറ്റങ്ങളാകാം. പക്ഷെ ആദ്യം മനസിൽ നിർണയിച്ച പ്രമേയത്തെ മാറ്റുന്നതാകരുത് അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് എസ്, കൽവത്തി എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഹോംസ്‌കൂൾ കുട്ടികളുമാണ് (വീട്ടിലിരുന്ന വിദ്യാഭ്യാസം നടത്തുന്ന) പരിശീലന കളരിയിൽ പങ്കെടുക്കാനെത്തിയത്.
അമേരിക്കയിൽ പ്രസിദ്ധീകരിച്ച ഇന്റർനാഷണൽ വാട്ടർ കളർ ആർട്ടിസ്റ്റ് എന്ന പുസ്തകത്തിൽ പേരു വന്നിട്ടുള്ള രാജ്യത്തെ അഞ്ച് കലാകാരന്മാരിൽ ഒരാളാണ് മുണ്ടക്കയം സ്വദേശിയായ സുനിൽ. 32 രാജ്യങ്ങളിൽ നിന്നായി വിഖ്യാതരായ 39 കലാകാരന്മാരെയാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.