കൊച്ചി: പ്രളയാനന്തര നവകേരള സൃഷ്ടിയിൽ സംസ്ഥാന സർക്കാരിന് വ്യക്തമായ ആശയമില്ലെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ കുറ്റപ്പെടുത്തി.സർക്കാരിന്റെ ശ്രദ്ധ മുഴുവൻ രാഷ്ട്രീയ വിഷയങ്ങളിലേക്ക് മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷൻ ഫോർ റിസ്റ്റോറേഷൻ ഒഫ് നാഷണൽ വാല്യൂസിന്റെ പ്രസിഡന്റായ ഇ. ശ്രീധരൻ സംഘടനയുടെ വാർത്താക്കുറിപ്പിലൂടെയാണ് രൂക്ഷമായ വിമർശനം നടത്തിയത്.
പ്രളയം കഴിഞ്ഞ് അഞ്ചു മാസമായിട്ടും ജനങ്ങളുടെ ദുരിതം മാറിയിട്ടില്ല. സർക്കാരിന്റെ ശ്രദ്ധ ശബരിമല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്, വനിതാമതിൽ തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളിലാണ്.
പ്രളയക്കെടുതി മനുഷ്യനിർമ്മിതമെന്ന് പരിസ്ഥിതിപ്രവർത്തകരും എൻജിനീയർമാരും ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ, കാരണങ്ങൾ കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കുകയാണ് ഉത്തരവാദിത്വമുള്ള സർക്കാർ ചെയ്യേണ്ടിയിരുന്നത്. ഉന്നതാധികാര പഠന സമിതിയെ നിയോഗിക്കുന്നതിൽ അനാസ്ഥ കാട്ടി.
ദുരന്തങ്ങളെ അവസരമാക്കിയ നിരവധി ഉദാഹരണങ്ങൾ ലോകത്തിലുണ്ട്. എന്താണ് വേണ്ടതെന്ന് കേരളം ഇപ്പോഴും നിശ്ചയിച്ചിട്ടില്ല. ജനങ്ങളുടെ ചിന്തയുടെയും മനോഭാവത്തിന്റെയും ഗുണപരമായ മാറ്റവും സർക്കാരിലെ പുതിയ തൊഴിൽ സംസ്കാരവും സൃഷ്ടിക്കേണ്ടതായിരുന്നു. അതിന് ധാർമ്മികമൂല്യങ്ങളിൽ അധിഷ്ഠിതമായ ദൃഢനിശ്ചയവും സമർപ്പണവുമാണ് വേണ്ടത്. ശ്രീധരൻ നിർദേശിച്ചു.
നവകേരളത്തിനായി ചെയ്യേണ്ടത്: ശ്രീധരന്റെ നിർദേശങ്ങൾ
പൊതുസ്ഥലങ്ങളുടെ ശുചിത്വം,
വിദ്യാഭ്യാസ പരിഷ്കാരം,
പാവപ്പെട്ടവർക്ക് ചികിത്സാസൗകര്യം,
മികച്ച റോഡുകളും നിയമം നടപ്പാക്കലും വഴി അപകടങ്ങൾ കുറയ്ക്കൽ,
കൂടുതൽ തൊഴിലവസരങ്ങൾ, വ്യവസായിക നിക്ഷേപങ്ങൾ ആകർഷിക്കുക, കാർഷിക വികസനം.
മികച്ച തൊഴിൽ സംസ്കാരം സൃഷ്ടിക്കണം.
ഹർത്താൽ, ബന്ത്, പണിമുടക്ക്, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയവ കർശനമായി തടയണം.
സാമൂഹ്യ ഉത്തരവാദിത്വമുള്ള ജനതയായി മലയാളികൾ മാറണം. ധാർമ്മികമൂല്യങ്ങളും രാജ്യസ്നേഹവും അതിന് കരുത്താകണം.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം രാഷ്ട്രീയ മുക്തമാക്കണം. ഉദ്യോഗസ്ഥവൃന്ദത്തെ സേവനമനോഭാവമുള്ളവരാക്കി മാറ്റണം.