asha-sanil-
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്തുന്നതിനുള്ള ഗ്ലൂക്കോമീറ്ററിന്റെ സൗജന്യ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ നിർവഹിക്കുന്നു

തൃക്കാക്കര : വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാനുള്ള ഗ്ലൂക്കോമീറ്ററിന്റെ ആദ്യഘട്ട സൗജന്യ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ നിർവഹിച്ചു. കേരളത്തിലെ 80 ശതമാനം വൃദ്ധരും പ്രമേഹ രോഗികളാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ നീതിവകുപ്പുമായി ചേർന്ന് വയോമധുരം എന്ന പേരിൽ ജില്ലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള 1000 വയോജനങ്ങൾക്ക് ഗ്ലൂക്കോമീററർ ലഭ്യമാക്കുന്നത്. ആദ്യ ഘട്ടമായി 400 പേർക്ക് നൽകി.
വയോജനങ്ങൾക്കുണ്ടാകുന്ന മറവിരോഗം മൂലമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനൽ പറഞ്ഞു. കുട്ടികളിലെ പഠനവൈകല്യം തിരിച്ചറിയുന്നതിനായി നടപ്പാക്കുന്ന പദ്ധതി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കും. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ അദ്ധ്യാപകർക്കും എല്ലാ വിദ്യാലയങ്ങളിലെയും രണ്ട് അദ്ധ്യാപകർക്കും പ്രത്യേക പരിശീലനം നൽകും. ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ സഫീറുള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. ജിമ്മി ജോർജ്, സി. രഞ്ജുനാഥൻ, സരള മോഹൻ, പി. വി സുഭാഷ്, ടി.വി. ബാബു, വിജയൻ ആചാരി, രാമദാസ് ടി.കെ തുടങ്ങിയവർ പ്രസംഗിച്ചു.