കൊച്ചി: ഉയർന്ന ജോലി വാഗ്ദാനം നൽകി യു.എ.ഇയിലേക്ക് മനുഷ്യക്കടത്ത് നടത്തിയെന്നാരോപിച്ച് 2015 ൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഒാച്ചിറ സ്വദേശി യു. ഗോപകുമാർ ഉൾപ്പെടെ നാലുപേർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
കായംകുളത്തെ സ്വകാര്യ സ്ഥാപനം മുഖേന ഹബീബ് എന്നയാളാണ് യു.എ.ഇയിലേക്ക് അയച്ചതെന്ന് ഹർജിയിൽ പറയുന്നു. ഉയർന്ന ശമ്പളമായിരുന്നു വാഗ്ദാനം. വിസയ്ക്കായി ഒരു ലക്ഷം രൂപ വീതം വാങ്ങിയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇയിൽ മതിയായ സൗകര്യങ്ങളില്ലാത്ത ലേബർ ക്യാമ്പുകളിൽ നരകിക്കേണ്ടി വന്നു. തടവിലായ തങ്ങൾ ഇന്ത്യൻ എംബസിയുടെയും എം.പിയുടെയും സഹായത്തോടെയാണ് നാട്ടിലെത്തിയത്. പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും അപ്രധാന വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയതെന്നും ഹർജിയിൽ പറയുന്നു.