കൊച്ചി: മുനമ്പത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഡൽഹി അംബേദ‌്കർ നഗർ കോളനിയിൽ താമസിക്കുന്ന ശ്രീലങ്കൻ വംശജനായ രവി സനൂപ് രാജയെ പ്രത്യേകാന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തു. ഇയാൾ മനുഷ്യക്കടത്ത‌് സംഘത്തിന്റെ ഏജന്റുമാരിലൊരാളാണെന്നാണ‌് സൂചന.
നേരത്തേ പിടികൂടിയ പ്രഭു ദണ്ഡുവാണിയുടെ സുഹൃത്താണ‌് രവി. ഇയാളുടെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ യാത്രാസംഘത്തിലുണ്ട്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിച്ച രവിയെ വിശദമായി ചോദ്യം ചെയ്യുന്നു. നേരത്തേ പ്രഭുവിനെയും അംബേദ്‌കർ കോളനിയിൽ നിന്നാണ് കസ്‌റ്റഡിയിലെടുത്തത്. ഇയാളെ കൊച്ചിയിൽ വിവിധ അന്വേഷണ ഏജൻസികൾ സംയുക്തമായി ചോദ്യം ചെയ്യുകയാണ‌്. ഇന്നലെ കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയിലെ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം പ്രഭുവിനെ ചോദ്യം ചെയ്‌തു. രവിയിൽ നിന്ന് യഥാർത്ഥ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
40 പേർക്ക് കഷ്ടിച്ച് സഞ്ചരിക്കാവുന്ന ബോട്ടിൽ നൂറിലധികം ആളുകളെ അടിത്തട്ടിലടക്കം നിറച്ചാണ് ദയാമാതാ ബോട്ട് മുനമ്പത്ത് നിന്ന് പോയതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ബോട്ടിൽ തിരക്കായിരുന്നതിനാൽ പണം നൽകിയ പലർക്കും കയറാനായില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.