കൊച്ചി: ടൂറിസ്റ്റ് ബസുൾപ്പെടെയുള്ള കോൺട്രാക്ട് കാരേജുകളിൽ പലനിറത്തിലുള്ള എൽ.ഇ.ഡി ലൈറ്റുകളും ശക്തിയേറിയ മ്യൂസിക് സിസ്റ്റവും ബഹുവർണ ഗ്രാഫിക്സും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇവ ഒഴിവാക്കാനുള്ള മോട്ടോർ വാഹന വകുപ്പ് നോട്ടീസിനെതിരെ എറണാകുളം സ്വദേശി ജിജിത്ത്, കോതമംഗലം സ്വദേശികളായ ജി. മനോജ് കുമാർ, അനിൽ ജോസഫ് ആന്റണി എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ വിധി.
ഹർജിക്കാരുടെ വാഹനങ്ങളിലെ ലേസർ - എൽ.ഇ.ഡി ലൈറ്റുകളും ഹെവി മ്യൂസിക് സിസ്റ്റവും മാറ്റി വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വാഹനം പരിശോധനയ്‌ക്കെത്തിക്കാൻ മൂന്നാഴ്ച നൽകണമെന്നും ചെറിയ പിഴവുകളുണ്ടെങ്കിൽ തിരുത്താൻ ന്യായമായ സമയം നൽകാമെന്നും വ്യക്തമാക്കിയ ഹൈക്കോടതി ഹർജി തീർപ്പാക്കി.
ഉത്തരവ് ഇങ്ങനെ
ഫ്ളെക്‌സിബിൾ - ബഹുവർണ എൽ.ഇ.ഡി ലൈറ്റുകൾ മാറ്റണം. മോട്ടോർ വാഹന ചട്ടമനുസരിച്ചുള്ള ഇൻഡിക്കേറ്ററും റിഫ്ളക്ടറും നിലനിറുത്താം.
തുടർച്ചയായി മിന്നുന്ന കളർ ലൈറ്റുകൾ, ഡി.ജെയ്‌ക്കായുള്ള കറങ്ങുന്ന എൽ.ഇ.ഡി ലൈറ്റുകൾ, ലേസർ ലൈറ്റുകൾ എന്നിവ പാടില്ല. യാത്രക്കാരന് വെളിച്ചം കിട്ടാൻ ആവശ്യമായ ലൈറ്റുകളാവാം.
ശക്തിയേറിയ ആഡിയോ സിസ്റ്റം, മൾട്ടിപ്പിൾ ബൂസ്റ്റർ, പവർ ആംപ്ളിഫയർ, സബ് വൂഫറുകൾ തുടങ്ങിയവ പാടില്ല. വാഹനത്തിന്റെ വലിപ്പമനുസരിച്ച് നാലു മുതൽ ആറ് വരെ സ്‌പീക്കറുകളും മിതമായ ശബ്‌ദമുള്ള ആഡിയോ സിസ്റ്റവുമാവാം.
ജനശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ബഹുവർണ ചിത്രങ്ങളും എഴുത്തുകളും പാടില്ല. വാഹന ഉടമയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തണം. രജിസ്ട്രേഷൻ നമ്പരുൾപ്പെടെയുള്ളവ ചട്ടമനുസരിച്ച് പ്രദർശിപ്പിക്കണം.
സേഫ്ടി ഗ്ളാസിൽ എഴുത്തുകളോ ചിത്രങ്ങളോ പാടില്ല. വശങ്ങളിലേക്ക് നീക്കുന്ന കർട്ടനുകളും ടിന്റഡ് ഫിലിമുകളും പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്‌ക്കുന്ന ക്രമീകരണങ്ങൾ ഒഴിവാക്കണം.