കൊച്ചി : കെ.എസ്.ആർ.ടി.സി റിസർവ് കണ്ടക്ടർ തസ്തികയിൽ എം പാനലുകാരെ ഒഴിവാക്കി തങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീലുകൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച ഹർജിക്കാരുടെ ആവശ്യം നേരത്തെ സിംഗിൾബെഞ്ച് തള്ളിയിരുന്നു. അപ്പീലിൽ എംപാനലുകാരെ ഒഴിവാക്കി പി.എസ്.സി ശുപാർശ ചെയ്തവരെ നിയമിക്കാൻ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവു നൽകി. തുടർന്ന് എംപാനലുകാരെ പിരിച്ചുവിട്ട് കെ.എസ്.ആർ.ടി.സി നിയമന നടപടി തുടങ്ങി.
ഇൗ സമയം തങ്ങളുടെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് എംപാനലുകാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഇവരുടെ വാദവും ഡിവിഷൻ ബെഞ്ച് കേട്ടു. പി.എസ്.സിയുടെ ലിസ്റ്റ് നിലവിലുള്ളപ്പോൾ താല്കാലികക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കുന്നതിനെ ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സിയിലെ പിൻവാതിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് നിയമപരമല്ലെന്ന് കഴിഞ്ഞ ദിവസം പി.എസ്.സിയും വിശദീകരണം നൽകി. ഹർജിക്കാരടക്കമുള്ള കക്ഷികളുടെ വാദം പൂർത്തിയായതോടെയാണ് അപ്പീലുകൾ വിധി പറയാൻ മാറ്റിയത്.