astro

കൊച്ചി: ശബരിമല തന്ത്രിക്കെതിരായ സർക്കാർ നീക്കങ്ങൾക്കെതിരെ തന്ത്രിമാരുടെ അഖിലേന്ത്യാ സംഗമം സംഘടിപ്പിക്കും. ആലുവ തന്ത്രവിദ്യാപീഠം സംഘടിപ്പിച്ച തന്ത്രിമാരുടെ യോഗത്തിന്റേതാണ് തീരുമാനം. ശിവരാത്രിക്ക് ശേഷമാകും സംഗമം. ശബരിമലയിൽ ആചാരലംഘനം തുടർന്നാൽ ഭക്തർക്കൊപ്പം പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു.

30ന് ആലുവയിൽ ചേരുന്ന യോഗത്തിൽ അഖിലേന്ത്യാ സംഗമത്തിന്റെ തിയതിയും സ്ഥലവും നിശ്ചയിക്കും. രാജ്യത്തിന്റെ വടക്കേയറ്റത്തെ വൈഷ്ണവി ക്ഷേത്രം മുതൽ തെക്കേയറ്റത്ത് കന്യാകുമാരി ക്ഷേത്രത്തിലെ വരെ തന്ത്രിമാരെ പങ്കെടുപ്പിക്കും. ശബരിമല തന്ത്രിക്ക് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.

കുഴിക്കാട് കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്ത യോഗത്തിൽ തന്ത്രവിദ്യാപീഠം പ്രസിഡന്റ് അഴകത്തു ശാസ്തൃ ശർമ്മൻ നമ്പൂരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, അഖില കേരള തന്ത്രി സമാജം പ്രസിഡന്റ് വേഴപ്പറമ്പ് കൃഷ്ണൻ നമ്പൂരിപ്പാട്, തന്ത്രി മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ പോറ്റി, വേദവ്യാസ വിദ്യാപീഠം അദ്ധ്യക്ഷൻ സുകുമാരൻ തന്ത്രി, ഗുരുപദം തന്ത്രവിദ്യാലയം മുഖ്യ ആചാര്യൻ തന്ത്രി കാരുമാത്ര വിജയൻ, ശ്രീനാരായണ താന്ത്രിക ഗവേഷണ കേന്ദ്രം ചെയർമാൻ രാകേഷ് തന്ത്രി, തന്ത്രവിദ്യാപീഠം ജനറൽ സെക്രട്ടറി ഇടമന ബാലമുരളി തുടങ്ങിയവർ പങ്കെടുത്തു.