കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ കസ്‌റ്റഡിയിലുള്ള ശ്രീലങ്കൻ വംശജരിൽ നിന്ന് കാര്യമായ വിവരങ്ങളൊന്നും കേന്ദ്ര - സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് ലഭിച്ചില്ല. ഇതോടെ ഇവരുടെ അറസ്‌റ്റും നീളുകയാണ്. നാലു ദിവസം മുമ്പാണ് ഡൽഹി അംബേദ്‌കർ കോളനിയിൽ നിന്ന് പ്രഭു ദണ്ഡുവാണിയെ പിടികൂടിയത്. അവിടെ നിന്നുതന്നെ രവി സനൂപ് രാജയെ കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്തു.
ഏജന്റുമാർ എന്നു സംശയിക്കുന്ന ഇവരെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തെങ്കിലും ബോട്ടിൽ കടന്നവരെക്കുറിച്ചോ, അതിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ കാര്യമായ ഒരു വിവരവും ലഭിച്ചില്ള.
ശ്രീലങ്കയിൽ സർക്കാരും എൽ.ടി.ടി.ഇ തീവ്രവാദികളും തമ്മിൽ യുദ്ധം തീവ്രമായിരുന്ന സമയത്ത് പലായനം ചെയ്ത തമിഴ് വംശജരാണ് ഡൽഹി അംബേദ്കർ കോളനിയിലും തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലും കുടിയേറിയത്.
ഇവരെ പ്രലോഭിപ്പിച്ചും വലിയ വാഗ്ദാനങ്ങൾ നൽകിയുമാണ് ആസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്ക് വർഷങ്ങളായി കടത്തിക്കൊണ്ടിരുന്നത്. നേരത്തേയും മുനമ്പത്തു നിന്ന് ബോട്ടുകളിൽ മനുഷ്യക്കടത്ത് നടന്നതായി സ്ഥിരീകരണമുണ്ട്. എന്നാൽ ഇവർ സുരക്ഷിതമായി അവിടെ എത്തിയതിനെക്കുറിച്ച് അന്വേഷണ ഏജൻസികൾക്ക് വിവരമില്ല. ആസ്ട്രേലിയയിലെ അയവുള്ള കുടിയേറ്റ നിയമങ്ങൾ ഒരുക്കുന്ന അനുകൂല സാഹചര്യമാണ് മനുഷ്യക്കടത്ത് മാഫിയ മുതലെടുക്കുന്നത്.
ഇതിനിടെ മനുഷ്യക്കടത്തിനായി മുനമ്പം തീരത്തു നിന്ന് ദയാമാതാ എന്ന ബോട്ട് വാങ്ങാനെത്തിയ ഒരു സംഘം ബോട്ട് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ബോട്ടിനുള്ളിൽ നിൽക്കുന്നത് മനുഷ്യക്കടത്തിനു പിന്നിൽ പ്രവർത്തിച്ച സെൽവനാണെന്നാണ് സൂചന. ബോട്ടിൽ എത്രപേരെ കയറ്റാനാവുമെന്നതും ഇതിന്റെ ഉറപ്പും പരിശോധിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അതേസമയം ആളുകൾ കൂടുതലായതു കാരണം ബോട്ടിൽ കയറാനാവാതെ പിൻതിരിഞ്ഞവരെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.
കടത്തിനു പിന്നിൽ പ്രവർത്തിച്ചെന്നു കരുതുന്ന സെൽവൻ, കുളച്ചൽ സ്വദേശി ശ്രീകാന്ത് എന്നിവരുടെ ഫോൺവിളികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് പ്രഭുവും രവി സനൂപും പിടിയിലായത്. മുനമ്പത്ത് എത്തിയതായി ഇവർ സമ്മതിച്ചെങ്കിലും മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു വിവരങ്ങളും അറിയില്ലെന്ന നിലപാടാണ് ഇവർക്ക്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി, റോ, കേരള പൊലീസിലെ വിവിധ അന്വേഷണ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.
ബോട്ടിൽ കടന്നവർക്ക് എൽ.ടി.ടി.ഇ ബന്ധമുള്ളതായി പറയാനാവില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തമിഴ്നാട്ടിലും ഡൽഹിയിലും കൂലിപ്പണിയും മറ്റും ചെയ്തു ജീവിച്ചിരുന്ന ഇവർക്ക് വീടും സ്ഥിര ജോലിയുമാണ് മനുഷ്യക്കടത്തുകാർ വാഗ്ദാനം ചെയ്യുന്നത്. വർഷങ്ങൾക്കു മുമ്പ് ആസ്ട്രേലിയയിലേക്ക് പല മാർഗങ്ങളിലൂടെ കടന്നവർ നൽകിയ വിവരങ്ങളും ഇവർക്ക് പ്രചോദനമായെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബോട്ടു കണ്ടെത്താനുള്ള നാവികസേനയുടെ തിരച്ചിൽ ഭാഗികമായി അവസാനിപ്പിച്ചു. കടലിലെ നിരവധി ബോട്ടുകൾക്കിടയിൽ നിന്ന് ദയാമാതാ എന്ന ബോട്ട് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് നാവികസേനയുടെ വിശദീകരണം.