manal-bandu-potti-
ഇളന്തിക്കര - കണക്കൻകടവിലെ മണൽ ബണ്ട് പൊട്ടി ചാലക്കുടിയാറിലേയ്ക്ക് ഉപ്പുവെള്ളം കയറുന്നു

പറവൂർ : പെരിയാറിൽ നിന്ന് ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ നിർമ്മിച്ച ഇളന്തിക്കര - കണക്കൻകടവ് മണൽബണ്ട് രണ്ടാഴ്ചയ്ക്കുള്ളിൽ തകർന്നു. ഇന്നലെ പുലർച്ചെയാണ് ബണ്ട് പൊട്ടി ഉപ്പുവെള്ളം ചാലക്കുടിയാറിലേയ്ക്ക് കയറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഉപ്പുവെള്ളം കയറുന്നത് തടയാൻ പുത്തൻവേലിക്കര പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് ചാക്കിൽ മണൽ നിറച്ച് തടയാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത് എത്രത്തോളം വിജയിക്കുമെന്ന് പിന്നീടേ അറിയാൻ സാധിക്കുകയുള്ളു.

മുൻ വർഷങ്ങളിൽ ഇരുവശങ്ങളിലുമായി അടയ്ക്കാമരവും ഓലയും മണൽചാക്കുകളും ഇട്ട് ഉറപ്പിച്ചശേഷമാണ് ബണ്ട് നിർമ്മിക്കുന്നത്. ഇത്തവണ തട്ടിക്കൂട്ടി ബണ്ട് നിർമ്മാണം പൂർത്തിയാക്കിയതാണ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. കണക്കൻകടവ് റെഗുലേറ്റർ കം ബ്രഡ്ജിന്റെ ഷട്ടറുകൾക്ക് തകരാറുകൾ ഉള്ളതിനാൽ ഉപ്പുവെള്ളം ചാലക്കുടിയാറിലേയ്ക്ക് മുൻ വർഷത്തേക്കാൾ മുമ്പേ ഇത്തവണ കയറി. ഇതോടെ പുത്തൻവേലിക്കര പഞ്ചായത്തിലെ കുടിവെള്ളവിതരണ പദ്ധതി നിറുത്തി. പുത്തൻവേലിക്കര, തൃശൂർ ജില്ലയിലെ കുഴൂർ, കുണ്ടൂർ, ആലമറ്റം പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടുകയും ഈ പ്രദേശങ്ങളിലെ കൃഷി നശിക്കുകയുമുണ്ടായി. ബണ്ട് നിർമ്മാണം വൈകിയതോടെ ജനങ്ങളുടെ പ്രതിഷേധത്തിനിടയിൽ ധൃതിപിടിച്ചാണ് ബണ്ട് കെട്ടിയത്.

 ഷട്ടറുകൾ കേടായിട്ട് എട്ടുവർഷം

എട്ട് വർഷത്തോളമായി റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ച് ഉപ്പുവെള്ളം കയറാൻ തുടങ്ങിയിട്ട്. ഇതുവരെ ഷട്ടറുകളുടെ തകരാർ തീർക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചിട്ടില്ല. ഓരോ വർഷവും മണൽബണ്ട് നിർമ്മാണത്തിന്റെ പേരിൽ ലക്ഷങ്ങളാണ് സർക്കാർ ചെലവാക്കുന്നത്. ഇതിനുപിന്നിൽ തട്ടിപ്പാണ് നടക്കുന്നതെന്നാണ് ആക്ഷേപം. മണൽബണ്ട് നിർമ്മാണം പ്രായോഗികമായി ഗുണം ചെയ്യില്ലെന്നും വിദഗ്ദ്ധർ പറയുന്നു.