തിരിച്ചറിഞ്ഞവരുടെ ചിത്രങ്ങളും ലഭിച്ചു
കൊച്ചി:മുനമ്പത്തു നിന്ന് ബോട്ടിൽ ആസ്ട്രേലിയയിലേക്ക് കടന്ന 80 പേരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. ശ്രീലങ്കൻ അഭയാർത്ഥികളും തമിഴ് വംശജരുമായ ഇവരുടെ ചിത്രങ്ങളും പൊലീസ് ശേഖരിച്ചു.
പുറപ്പെടുന്നതിന് ആറ് ദിവസം മുമ്പ് ചോറ്റാനിക്കരയിലെ ആശുപത്രിയിൽ പിറന്ന ശിശു ഉൾപ്പെടെ കുട്ടികളും സ്‌ത്രീകളും സംഘത്തിലുണ്ട്. 212 പേർ ബോട്ടിലുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യനിഗമനം. 120 പേരിൽ കൂടുതൽ ഉണ്ടാകില്ലെന്നാണ് പുതിയ വിവരം.
മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റത്തിനാണ് ആളുകൾ കടന്നതെന്ന് വിവരിച്ച പ്രഥമ വിവര റിപ്പോർട്ട് കൊച്ചി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ചു. സ്വന്തം ഇഷ്‌ടപ്രകാരമാണ് എല്ലാവരും പുറപ്പെട്ടത്. പലരും ബന്ധുക്കളാണ്.
പരാതിക്കാരില്ലാത്തതിനാൽ മുനമ്പം, വടക്കേക്കര സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ ഭാഗമായാണ് എഫ്.ഐ.ആർ സമർപ്പിച്ചത്. 71 ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് ആദ്യം ഈ സ്‌റ്റേഷനുകളിൽ കേസെടുത്തത്.
മുനമ്പത്ത് നിന്ന് വാങ്ങിയ ദയാമാതാ ബോട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതായി പൊലീസ് കസ്‌റ്റഡിയിലുള്ള പ്രഭു ദണ്ഡുവാണി, രവി സനൂപ് രാജ എന്നിവർ മൊഴി നൽകി. മീൻ ഐസിട്ട് സൂക്ഷിക്കുന്ന വലിയ അറ പൊളിച്ച് ആളുകൾക്ക് ഇരിക്കാവുന്ന ഹാളാക്കി. രാത്രി ഇതിനുള്ളിലും പകൽ ബോട്ടിന് മുകളിലുമായാണ് യാത്രയെന്ന് പൊലീസിന് വിവരം ലഭിച്ചു.
ബോട്ട് കണ്ടെത്താനായില്ല. ആളുകൾ കൂടിയതിനാൽ ബോട്ടിൽ കയറാനാവാത്ത ചിലരെ പൊലീസ് കണ്ടെത്തി. ഇവരിൽ നിന്നാണ് എത്ര പേർ പോയി എന്നതിന്റെ വിവരങ്ങൾ ലഭിച്ചത്.
കടലിൽ ആയിരക്കണക്കിന് ബോട്ടുകളുള്ളതിനാൽ 'ദയാമാത'യെ കണ്ടെത്തുക പ്രയാസമാണെന്ന് നാവികസേന പൊലീസിനെ അറിയിച്ചിരുന്നു. ബോട്ടിൽ കയറാതെ പിന്തിരിഞ്ഞവരിൽ പലരെയും പൊലീസ് സമീപിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഉടൻ മറ്റൊരു ബോട്ടിൽ ആസ്ട്രേലിയയിലേക്ക് കടക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. അതിനാൽ പൊലീസിനോട് സഹകരിക്കുന്നില്ല.
ഡൽഹി അംബേദ്‌കർ കോളനിയിൽ നിന്ന് കസ്‌റ്റഡിയിലെടുത്ത പ്രഭുവിനെയും രവിയേയും വിവിധ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്. ഇവർ ഏജന്റുമാരാണെന്നാണ് സംശയം. നാലു ദിവസം കഴിഞ്ഞിട്ടും ഇവരിൽ നിന്ന് നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ല.
മനുഷ്യക്കടത്തിനെക്കുറിച്ച് ഇവർക്ക് അറിയാമെന്നും അറസ്‌റ്റ് ചെയ്യാനുതകുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും പൊലീസ് അറിയിച്ചു.