mvpa-415
പുഴയോര നടപ്പാതയുടെ കൈവരികൾ തകർത്ത നിലയിൽ

 വാക്ക് വേയിലെ വിളക്കുകൾ മിഴിയടച്ചു, സാമൂഹ്യവിരുദ്ധർ കൈയടക്കി

മൂവാറ്റുപുഴ: ടൂറിസം വികസനം ലക്ഷ്യം വച്ച്കോടികൾ മുടക്കി നവീകരിച്ച പുഴയോര നടപ്പാതയിലെ ലൈറ്റുകൾ കണ്ണടച്ചതോടെ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി. നടപ്പാത സംരക്ഷിക്കാൻ നഗരസഭ തയ്യാറാകാത്തതാണ് ദുർഗതിക്ക് കാരണം.

വാക്‌വേയിലൂടെ സഞ്ചരിച്ച് പുഴയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾ അടക്കമുള്ളവർ നടപ്പാത കൈയൊഴിഞ്ഞു. നടപ്പാതയുടെ കൈവരികൾ ഉൾപ്പെടെ അറുത്തുമാറ്റി, വൈദ്യുതി ലൈറ്റുകളും തൂണുകളും നശിപ്പിച്ചു. പൊലീസ് സ്റേഷനുസമീപമുള്ള നടപ്പാതയുടെ ഗതികേടാണിത്. ഇവിടം പട്ടാപ്പകലും സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണെന്നാണ് പരാതി. നാട്ടുകാരടക്കം നിരവധി പേർ എത്തിയിരുന്ന നടപ്പാത സന്ധ്യകഴിയുന്നതോടെ ഇരുളിലാകുകയാണ്. അമ്പതോളം ലൈറ്റുകളാണ് ഒന്നേകാൽ കിലോമീറ്റർ ദൂരമുള്ള നടപ്പാതയിലുള്ളത്. എന്നാൽ ഇതിൽ ചുരുക്കം ലൈറ്റുകൾ മാത്രമാണ് തെളിയുന്നത്. വെളിച്ചമില്ലാതായതോടെ സാമൂഹ്യ വിരുദ്ധർ ഇവിട‌ം സുരക്ഷിതതാവളമാക്കി. ഇതിനു പുറമെ ഇഴജന്തുക്കളുടെ ശല്യവും ഏറെയാണ്.

ലൈറ്റുകൾ തെളിക്കണമെന്നാവശ്യപ്പെട്ട് നഗരവാസികൾ രംഗത്തുവന്നെങ്കിലും ഫലമില്ല.

മൂന്നാർ അടക്കമുള്ള വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തുടക്കം കുറിച്ച താണ് പുഴയോര നടപ്പാത . മൂവാറ്റുപുഴ ആറിന്റെ സൗന്ദര്യം ആസ്വദിച്ച് നടക്കുന്നതിന് നിരവധി പേർ എത്തുന്നുണ്ട് .

മൂന്നരക്കോടിയുടെ വികസനം

മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കന്റെ ആസ്തി വികസനഫണ്ടിൽ നിന്നും കേന്ദ്ര-സംസ്ഥാന ടൂറിസം പദ്ധതിയിലുൾപ്പെടുത്തി മൂന്നര കോടിയോളം രൂപ ചെലവഴിച്ചാണ് നടപ്പാത നിർമിച്ചത്. അറ്റകുറ്റപ്പണിക്കും ശുചീകരണവുമടക്കമുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം നഗരസഭയ്ക്കാണ് നൽകിയിരിക്കുന്നത് . കാളിയാർ-തൊടുപുഴ ആറുകൾ സംഗമിക്കുന്ന മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമം മുതൽ ലതാപാലം വരെ ബന്ധിപ്പിക്കുന്ന രീതിയിലാണ് നടപ്പാത നിർമ്മിച്ചത്. പുഴയുടെ സൗന്ദര്യാസ്വാദനം, പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. രണ്ടാംഘട്ടത്തിൽ കച്ചേരിത്താഴം പുതിയപാലം വരെ നീളുന്ന മറ്റൊരുനടപ്പാത പദ്ധതിയും ലക്ഷ്യമിട്ടിരുന്നു. പക്ഷെ ഇത് എങ്ങും എത്തിയില്ല. വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്ന രീതിയിൽ കഫേ, പാർക്ക്, ബോട്ട് സർവീസ് എന്നിവ പദ്ധതിയിലുൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.

 വിളക്കുകൾ തെളിക്കണം

നടപ്പാതയിലുള്ള എല്ലാ ലെെറ്റുകളും തെളിക്കുവാൻ കഴിഞ്ഞാൽ പുഴയോര നടപ്പാത പ്രഭാത, സായാഹ്ന സവാരിക്കാർക്ക് ഗുണകരമാകും. പുഴയുടെ സൗന്ദര്യം ആസ്വദിക്കുവാൻ എത്തുന്ന വിനോദ സഞ്ചാരികളുടേയും കേന്ദ്രമായി ഇവിടം മാറും. അതുകാെണ്ട് മുനിസിപ്പൽ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം

അസീസ് കുന്നപ്പിള്ളി,

പരിസ്ഥിതി പ്രവർത്തകൻ