കൊച്ചി : തടവുകാർക്ക് രോഗം വന്നാൽ പരോളല്ല, ചികിത്സയാണ് നൽകേണ്ടതെന്നും തടവുകാരുടെ ചികിത്സ സർക്കാരിന്റെ ബാദ്ധ്യതയാണെന്നും ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ടി.പി വധക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ പി.കെ. കുഞ്ഞനന്തന് അനധികൃതമായി പരോൾ അനുവദിക്കുന്നെന്നാരോപിച്ച് കെ.കെ. രമ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ഹർജിയിൽ കുഞ്ഞനന്തനടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാനും ഹൈക്കോടതി നിർദേശിച്ചു.
2012 മേയ് നാലിന് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന് കഴിഞ്ഞ 29 മാസങ്ങൾക്കുള്ളിൽ 216 ദിവസത്തെ പരോൾ അനുവദിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ടി.പിയുടെ ഭാര്യയാണ് ഹർജിക്കാരിയായ രമ. 2016, 2017 വർഷങ്ങളിൽ ഏറെ ദിവസവും കുഞ്ഞനന്തൻ പരോളിലായിരുന്നെന്നും കഴിഞ്ഞവർഷം സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ അന്യായമായി സർക്കാർ പരോൾ നൽകിയെന്നും ഹർജിയിൽ പറയുന്നു. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം തുടങ്ങിയ അത്യാവശ്യ സമയത്ത് മാത്രമേ പരോൾ നൽകാവൂ എന്നാണ് കേരള ജയിൽ ചട്ടത്തിലെ വ്യവസ്ഥ. എന്നാൽ ആഭ്യന്തരവകുപ്പ് അഡിഷണൽ സെക്രട്ടറി, ജയിൽ ഡി.ജി.പി, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എന്നിവർ ചേർന്ന് നിരന്തരം കുഞ്ഞനന്തന് പരോൾ അനുവദിക്കുകയാണെന്നും രമയുടെ ഹർജിയിൽ പറയുന്നു.