blasters

 കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തിൽ കൊൽക്കത്തയെ നേരിടും

കൊച്ചി: പഴയതൊക്കെ തത്കാലം മറന്ന് നിലനില്പിനുള്ള പോരാട്ടത്തിനായി ഐ.എസ്.എല്ലിലെ ബ്രേക്കിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കളത്തിലിറങ്ങുന്നു. സ്വന്തം തട്ടകത്തിൽ എ.ടി.കെയാണ് ബ്ലാസ്‌റ്റേഴ്സിന്റെ എതിരാളികൾ. നേരത്തേ സീസണിലെ ആദ്യ മത്സരത്തിലും ഇരു ടീമുകളും തമ്മിലാണ് ഏറ്രുമുട്ടിയത്. രാത്രി 7.30മുതലാണ് മത്സരം.

പോയിന്റ് ടേബിളിൽ ആദ്യ ആറിൽ ഇടംപിടിച്ച് സൂപ്പർ കപ്പിൽ കളിക്കാൻ യോഗ്യത നേടുകയെന്ന മോഹവുമായാണ് കേരള ബ്ളാസ്റ്റേഴ്സ് ബ്രേക്കിന് ശേഷം കളിക്കാനിറങ്ങുന്നത്. ബ്രേക്കിന് മുമ്പുള്ള ബ്ലാസ്റ്റേഴ്സല്ല ഇപ്പോൾ.

പ്രമുഖ കളിക്കാരുടെയും മുഖ്യ പരിശീലകന്റെയും കൊഴിഞ്ഞുപോക്കിന് പിന്നാലെ പുതിയ മുഖങ്ങളുമായാണ് കൊച്ചിയിൽ ഇന്ന് ബ്ലാസ്റ്റേഴ്സിറങ്ങുക. ഒരാഴ്ച മുമ്പ് ബ്ളാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ നെലോ വിൻഗാഡയാണ് കളിക്കാരെ കളത്തിലിറക്കുന്നത്.

തുടർച്ചയായ തോൽവിയുടെ തിരിച്ചടിയെ തുടർന്ന് മുഖ്യ പരിശീലകൻ ഡേവിഡ് ജയിംസിനെ ടീം മാനേജ്മെന്റ് ഒഴിവാക്കിയിരുന്നു. അതിന് പിന്നാലെ സി.കെ. വിനീത്, നർസാരി, നവീൻകുമാർ എന്നീ മുൻനിര കളിക്കാരും ബ്ളാസ്റ്റേഴ്സ് വിട്ടിരുന്നു.

മുമ്പ് തോറ്റതിന് കാരണം ചികയുന്നതിലല്ല തന്റെ ശ്രദ്ധയെന്ന് നെലോ വിൻഗാഡ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടീമുമായി ഒരാഴ്ചത്തെ ബന്ധമേയുള്ളു. കഴിഞ്ഞ മത്സരങ്ങളിലെ തോൽവിയെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. ഇനിയുള്ള കളികളിൽ നേട്ടമുണ്ടാക്കുകയാണ് പ്രധാനം. ആത്മവിശ്വാസം വളർത്താനും യോജിച്ചു കളിക്കാനുമാണ് ശ്രമിച്ചത്. സഹകരിച്ചുള്ള കളി, താൻ നൽകിയ സന്ദേശം കളിക്കാർ എങ്ങനെ ഉൾക്കൊണ്ടു എന്നിവയായിരിക്കും കളിയെ സ്വാധീനിക്കുക. വിജയിക്കുക എന്നതു തന്നെയാണ് ലക്ഷ്യവും സമ്മർദ്ദവും. ഇന്നു മാത്രമല്ല, ഇനിയുള്ള കളികളിൽ മികവ് നേടുകയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കളി ടീമിന് പ്രധാനമാണെന്ന് നായകൻ ജിങ്കാനും പറഞ്ഞു.

 കൊച്ചി തണുപ്പിൽ

തുടർച്ചയായ തിരിച്ചടി മൂലം ആരാധകരും ബ്ളാസ്റ്റേഴ്സിനെ കൈവിട്ട അവസ്ഥയിലാണ്. ഓൺലൈൻ വഴി ടിക്കറ്റ് വില്പന കാര്യമായി നടന്നിട്ടില്ല. കലൂരിലെ സ്റ്റേഡിയത്തിന് മുമ്പിൽ രണ്ടു ദിവസമായി കൗണ്ടർ തുറന്നിട്ടും ടിക്കറ്റ് വാങ്ങാൻ കാര്യമായി ആരാധകരെത്തിയില്ല. ജഴ്സി വില്പനക്കാർ ഉൾപ്പെടെ ആരെയും സ്റ്റേഡിയത്തിന്റെ പരിസരത്തെങ്ങും ഇന്നലെ കാണാനില്ലായിരുന്നു.