കൊച്ചി: ശബരിമല സന്നിധാനത്തേക്ക് യുവതികളെ സ്റ്റാഫ് ഗേറ്റിലൂടെ പ്രവേശിപ്പിച്ചത് സുരക്ഷ മുൻനിറുത്തിയാണെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ജനുവരി രണ്ടിനാണ് പ്രവേശനം നടന്നത്. ഏതുതരത്തിൽ സുരക്ഷ ഒരുക്കണമെന്നത് പൊലീസിന്റെ പ്രവർത്തന സ്വാതന്ത്ര്യമാണ്. ശബരിമല നിരീക്ഷണസമിതി നൽകിയ റിപ്പോർട്ടിന് മറുപടിയായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.
യുവതികളുടെ ദർശനം സുപ്രീംകോടതി വിധിക്കു വിധേയമായാണ്. സംരക്ഷണം ആവശ്യപ്പെട്ടപ്പോഴാണ് സിവിൽ വേഷത്തിൽ നാലു പൊലീസുകാരെ ഒപ്പമയച്ചത്. സുപ്രീംകോടതി വിധിയനുസരിച്ച് ഇവർക്ക് സംരക്ഷണം നൽകാൻ പൊലീസിന് ബാദ്ധ്യതയുണ്ട്. ദർശനം നടത്തുന്നതിന് യുവതികൾക്ക് എതിർപ്പ് നേരിടേണ്ടി വന്നില്ല. പിന്നീട് സ്ഥാപിത താത്പര്യക്കാരാണ് പ്രശ്നമുണ്ടാക്കിയത്.
തിരുവാഭരണ ഘോഷയാത്രയ്ക്ക് മതിയായ സംരക്ഷണം നൽകിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ പന്തളത്തു നിന്ന് മാറാനാവാതെ വന്നതിനാലാണ് നിരീക്ഷണസമിതി ആവശ്യപ്പെട്ടപ്പോൾ ഹാജരാകാൻ കഴിയാത്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.