വനിതാ ജഡ്‌ജിമാരുടെ വിവരങ്ങൾ അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി : യുവനടിയെ പീഡിപ്പിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടത്താൻ തൃശൂർ, എറണാകുളം ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വനിതാ ജഡ്‌ജിമാരുടെ വിവരങ്ങൾ നൽകാൻ ഹൈക്കോടതി രജിസ്ട്രാർക്ക് സിംഗിൾബെഞ്ച് നിർദ്ദേശം നൽകി.
വിചാരണയ്‌ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്നും വിചാരണ തൃശൂർ ജില്ലയിലാക്കണമെന്നും അഭ്യർത്ഥിച്ച് നടി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
നേരത്തെ നടിയുടെ നിവേദനം രജിസ്ട്രാർക്ക് കൈമാറാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചിരുന്നു. തുടർന്ന് രജിസ്ട്രാർ വിഷയം ഫുൾകോർട്ടിന്റെ പരിഗണനയ്‌ക്കു വച്ചെങ്കിലും ആവശ്യം നിരാകരിച്ചെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ പീഡനക്കേസുകൾ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ വിചാരണ നടത്താനും ഫുൾകോർട്ട് നിർദ്ദേശിച്ചിരുന്നതായി സർക്കാർ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഭരണപരമായ അധികാരം ഉപയോഗിച്ചാണ് ഫുൾകോർട്ട് തീരുമാനമെടുത്തതെന്നും കോടതിക്ക് നിയമപരമായ അധികാരം ഉപയോഗിച്ച് വിഷയം പരിഗണിക്കാൻ കഴിയുമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. തുടർന്നാണ് വനിതാ ജഡ്‌ജിമാരുടെ വിവരങ്ങൾ അറിയിക്കാൻ നിർദ്ദേശിച്ചത്.
സംസ്ഥാനത്തെ പോക്‌സോ കോടതികളുടെ സ്ഥിതി ശോചനീയമാണെന്ന് കേസിൽ വാദം കേൾക്കവേ ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഇരയും പ്രതിയും ഒരേ വാതലിലൂടെ കോടതി മുറിയിൽ പ്രവേശിക്കുന്ന സ്ഥിതിയാണ്. ഇരയ്‌ക്ക് മതിയായ സ്വകാര്യത ഒരുക്കാൻ കഴിയുന്നില്ലെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.
ആക്രമണം ഇങ്ങനെ
2017 ഫെബ്രുവരിയിലാണ് തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരുന്ന വഴി നടിയെ വാഹനത്തിൽ തടഞ്ഞു വച്ച് പ്രതികൾ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയത്. പൾസർ സുനിയടക്കമുള്ള ക്വട്ടേഷൻ സംഘമാണ് കുറ്റകൃത്യം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നടൻ ദിലീപിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ സംഘം ഇയാളെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു.