bomb-blast

കൊച്ചി : പതിമ്മൂന്ന് വർഷം മുമ്പ് കോഴിക്കോട് ബസ് സ്റ്റാൻഡുകളിൽ ഇരട്ട സ്‌ഫോടനം നടത്തിയ കേസിൽ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റുചെയ്തു. തലശേരി ചെറുപറമ്പത്ത് ഉരക്കള്ളിയിൽ മുഹമ്മദ് അഹ്സറാണ് (37) അറസ്റ്റിലായത്.

തീവ്രവാദബന്ധം ആരോപിക്കപ്പെട്ട തടിയന്റവിട നസീർ ഒന്നാം പ്രതിയായ കേസിൽ രണ്ടാം പ്രതിയാണ് അഹ്സർ. നസീർ ബോംബ് നിർമ്മിച്ചത് അഹ്സറിന്റെ വീട്ടിലാണെന്ന് കണ്ടെത്തിയിരുന്നു. 2006 മാർച്ച് മൂന്നിനാണ് കോഴിക്കോട്ടെ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സ്‌ഫോടനമുണ്ടായത്. പിന്നാലെ നാടുവിട്ട അഹ്സർ സൗദി അറേബ്യയിലായിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്. ഇന്നലെ ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇന്നു കൊച്ചിയിലെത്തിച്ച് എൻ.ഐ.എ പ്രത്യേക കോടതിയിൽ ഹാജരാക്കും.
മറ്റു പ്രതികളായ നസീർ, ഷഫാസ് എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. ആറാം പ്രതിയായ കണ്ണൂർ താഴെചൊവ്വ മുഹമ്മദ് ഫായിസ് കശ്‌മീരിൽ സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചിരുന്നു. എട്ടാം പ്രതി കണ്ണൂർ തളിപ്പറമ്പ് കൊയ്യം കെ.പി. യൂസഫിനെ പിടികൂടാനായിട്ടില്ല. അഹ്സറിനെ ചോദ്യം ചെയ്ത് യൂസഫിനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ. യൂസഫും സൗദിയിലുണ്ടെന്നാണ് സൂചന.