പിറവം: അപകടക്കെണിയൊരുക്കി മനുഷ്യക്കുരുതിക്ക് കാത്തിരിക്കുകയാണ് രാമമംഗലം - പെരുവംമൂഴി റോഡ്. റോഡിന്റെ പ്രതലവും അരികും തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനവില്ലൻ. കൊടുംവളവുകളാണ് പലയിടത്തും . കയറ്റിറക്കങ്ങളും യഥേഷ്ടം .ഇവിടങ്ങളിലെ ഉയര വ്യത്യാസമാകട്ടെ രണ്ടും മൂന്നും അടിയുമുണ്ട്. പൊതുമരാമത്ത് വകുപ്പ് അധികാരികളാകട്ടെ ഇതെല്ലാം അറിഞ്ഞിട്ട് കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
ഇരുചക്രവാഹനങ്ങളാണ് തുടർച്ചയായി അപകടക്കെണിയിൽപ്പെടുന്നത്. കാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ യാത്രയും സുരക്ഷിതമല്ല. എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകുന്നതിനിടെയാണ് മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാകുന്നത്. ആറു വർഷങ്ങൾക്കു മുമ്പ് റോഡിന്റെ പ്രതലബലം കൂട്ടി ടാർ ചെയ്തിരുന്നു. എന്നാൽ പലയിടത്തും പ്രതലവുമായുള്ള ഉയര വ്യത്യാസം പരിഹരിക്കുന്നതിൽ അധികാരികൾ ഒന്നും ചെയ്തിരുന്നില്ല.
പാർശ്വഭിത്തികളില്ല, റോഡിൽ സുരക്ഷാഭീഷണി
രാമമംഗലം - പെരുവംമൂഴി റോഡിന്റെ മിക്കയിടങ്ങളിലും പാർശ്വഭിത്തികളില്ലാത്തതും വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. വീതിക്കുറവും കുത്തനെ ഇറക്കവുമുള്ള റോഡിന്റെ വശങ്ങൾ കെട്ടി അരികുകൾ ബലപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ് അധികാരികൾ ജാഗ്രത കാട്ടുന്നില്ല.
വീതിയുള്ള റോഡിന് നടപടി വേണം
രാമമംഗലം - പെരുവംമൂഴി റോഡ് വീതി കൂട്ടി ടാർ ചെയ്യണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇതിനൊന്നിനും പരിഹാരമില്ലെന്നു മാത്രം. റോഡരികിലെ വൈദ്യുതപോസ്റ്റുകൾ പലപ്പോഴും അപകടം വിളിച്ചുവരുത്താറുണ്ട്. റോഡ് വീതി കൂട്ടുകയും വൈദ്യുതപോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ ഇതിന് പരിഹാരമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
റോഡ് ഇടിയുന്നു
പലയിടങ്ങളിലും റോഡ് ഇടിച്ചിൽ വർദ്ധിക്കുകയാണ്. സൈഡ് നൽകുമ്പോൾ വാഹനങ്ങൾ അപകടത്തിലായേക്കും. വാഹനങ്ങൾ വരുമ്പോൾ ഒഴിഞ്ഞുകൊടുക്കുന്ന വഴിയാത്രക്കാരും അപകടഭീഷണിയാണ്.
റോഡിന്റെ ഇരുവശങ്ങളിലും പുല്ലും കുറ്റിച്ചെടിയും നിറഞ്ഞിരിക്കുന്നതും കാൽനടയാത്രക്കാർക്ക് വെല്ലുവിളിയാണ്.
അവഗണന അവസാനിപ്പിക്കണം.
രാമമംഗലം - പെരുവംമൂഴി റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണം. പാർശ്വഭിത്തികൾ കെട്ടി റോഡിന്റെ വശം ബലപ്പെടുത്തണം. പൊതുമരാമത്ത് വകുപ്പ് അധികൃതർ ജനങ്ങളുടെ ദുരിതം മനസിലാക്കി മുന്നിട്ടിറങ്ങണം
പി.പി. സുരേഷ്‌കുമാർ,
വൈസ് പ്രസിഡന്റ് , രാമമംഗലം ഗ്രാമ പഞ്ചായത്ത്.