chendamangalam-paliyam-to
പാലിയം തോട് നവീകരണ പ്രവർത്തനങ്ങൾ പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : ചളിയും മാലിന്യങ്ങൾ കൊണ്ട് നാശത്തിലേക്ക് കൂപ്പുകുത്തിയ ചേന്ദമംഗലം പാലിയം തോടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പാലിയം തോടിലൂടെയായിരുന്നു മുൻകാലങ്ങളിൽ പറവൂരിലെ വ്യാപാരമേഖലയിൽ സാധനസാമഗ്രികൾ എത്തിച്ചിരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി മാലിന്യങ്ങൾ തള്ളുന്ന പ്രധാന സ്ഥലമായി തോട് മാറി. കാലക്രമേണ തോട്ടിലെ നീരെഴുക്ക് പൂർണ്ണമായും നഷ്ടപ്പെട്ടു. 20 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. മാലിന്യവും ചെളിയും നീക്കംചെയ്ത് പാലിയം തോടിനെ വീണ്ടെടുക്കലാണ് പദ്ധതിയുടെ ലക്ഷ്യം. ചേന്ദമംഗലം പഞ്ചായത്തിലെ ആറാം വാർഡിൽ 1200 മീറ്ററാണ് തോടിന്റെ നീളം. ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം തോടിന്റെ ഒരു വശത്ത് 70 മീറ്റർ നീളത്തിലും 2.70 മീറ്റർ വീതിയിലും പൊതുമരാമത്ത് വകുപ്പ് റോഡിനോട് ചേർന്ന് ടൈൽ വിരിക്കുന്നുമുണ്ട്. വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും പൊതുപരിപാടികൾ നടത്തുന്നതിനായുള്ള വേദിയും ഇതോടൊപ്പം തയ്യാറാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി അനൂപ്, ടി.ഡി. സുധീർ, എ.എം. ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.