മൂന്ന് പേർ അറസ്റ്റിൽ
ആലുവ: മുനമ്പം ഹാർബർ കേന്ദ്രീകരിച്ച് നടന്നത് മനുഷ്യക്കടത്തല്ലെന്നും അനധികൃത കുടിയേറ്റമാണെന്നും കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ പറഞ്ഞു. ബോട്ടിൽ രാജ്യം വിട്ടവർ ഓരോരുത്തരും ഒന്നര ലക്ഷത്തോളം രൂപ നൽകിയെന്ന് ബോദ്ധ്യമായ സാഹചര്യത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേസിൽ തിരുവനന്തപുരം വെങ്ങാനൂർ കാടന്നൂർ മേലേപുത്തൂർ വീട്ടിൽ അനിൽകുമാർ, ന്യൂഡൽഹി മദൻഗിർ സി 1, 203ൽ പ്രഭു എന്ന പ്രഭാകർ (30), ന്യൂഡൽഹി മദൻഗിർ ബി 1, 621ൽ രവി (31) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ദിവസങ്ങളോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ്. മൂന്ന് പേർക്കുമെതിരെ ഇന്ത്യൻ പാസ്‌പോർട്ട് ആക്ടിലെയും എമിഗ്രേഷൻ ആക്ടിലെയും ഫോറിനേഴ്‌സ് ആക്ടിലെയും വകുപ്പുകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളുമാണ് ചുമത്തിയത്.
ദയാമാത രണ്ട് എന്ന ബോട്ട് വെങ്ങാനൂരിൽ താമസിക്കുന്ന ശ്രീകാന്തൻ, അനിൽകുമാർ എന്നിവർക്ക് ഒരു കോടി രണ്ട് ലക്ഷം രൂപയ്ക്കാണ് മുനമ്പം സ്വദേശി ജിബിൻ ആന്റണി വിറ്റത്. കടത്താനായി ആളുകളെ സംഘടിപ്പിച്ചവരാണ് രവിയും പ്രഭുവും. മുനമ്പത്ത് നിന്ന് ന്യൂസിലാൻഡിലേക്കെന്നു പറഞ്ഞാണ് ജനുവരി 12ന് പുലർച്ചെ ബോട്ട് പുറപ്പെട്ടത്. നൂറിലധികം പേർ ബോട്ടിലുണ്ടായിരുന്നു.
ന്യൂഡൽഹി അംബേദ്കർ കോളനി നിവാസികളായ പുരുഷൻമാരും സ്ത്രീകളും കുട്ടികളുമാണിവർ. ഭൂരിഭാഗം പേരും അയൽവാസികളും ബന്ധുക്കളുമാണ്. ശ്രീലങ്കയിൽ നിന്ന് കുടിയേറിപ്പാർത്തവരുടെ ബന്ധുക്കളും ബോട്ടിലുണ്ട്. സ്ഥലമില്ലാത്തത് കാരണം ഇരുപതോളം പേർക്ക് കയറാൻ കഴിയാതെ തിരിച്ച് പോകേണ്ടിവന്നു. രവിയുടെ കുടുംബവും ഇതിൽപ്പെടുന്നു.
യാത്ര പുറപ്പെടുന്നതിന് തലേന്നാൾ പത്ത് ലക്ഷം രൂപ നൽകി 12,000 ലിറ്റർ ഡീസലും സംഘടിപ്പിച്ചു. ശ്രീകാന്തൻ ശ്രീലങ്കൻ പൗരനാണ്. ഇയാളുടെ വീട്ടിൽ നിന്ന് ലഭിച്ച ബാങ്ക് പാസ്ബുക്കുകളും അഞ്ച് ശ്രീലങ്കൻ പാസ്‌പോർട്ടുകളും മറ്റ് രേഖകളും പരിശോധിച്ച് വരികയാണ്. ഇയാൾക്ക് എൽ.ടി.ടി.ഇ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഐ.ജി പറഞ്ഞു.
തമിഴ്‌നാട്, മദ്ധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. റൂറൽ എസ്.പി രാഹുൽ ആർ. നായർ, അഡിഷണൽ എസ്.പി എം.പി. സോജൻ, ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ് എന്നിവരും ഐ.ജിക്കൊപ്പം ഉണ്ടായിരുന്നു.