modi-at-kerala-

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലും തൃശൂരിലുമെത്തും. കൊച്ചിയിൽ ബി.പി.സി.എല്ലിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിലും തൃശൂരിൽ യുവമോർച്ച സമ്മേളനത്തിലും പങ്കെടുക്കും.


നാളെ ഉച്ചയ്ക്ക് 1.55ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറിൽ രാജഗിരി കോളേജ് മൈതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് മാർഗം കൊച്ചി റിഫൈനറിയിലെത്തും. റിഫൈനറിയുടെ മെയിൻ കൺട്രോൾ കൺസോൾ അദ്ദേഹം സന്ദർശിക്കും. റിഫൈനറിക്കു സമീപം തയ്യാറാക്കിയ പ്രധാനവേദിയിൽ ഉച്ചയ്ക്ക് 2.35ന് ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി വികസന സമുച്ചയം നാടിന് സമർപ്പിക്കും. പുതിയ പെട്രോകെമിക്കൽ സമുച്ചയത്തിന്റെയും ഏറ്റുമാനൂർ സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനം, എൽ.പി.ജി ബോട്ട്‌ലിംഗ് പ്ലാന്റിന്റെ സ്‌റ്റോറേജ് സൗകര്യം എന്നിവയുടെ ഉദ്ഘാടനവും നിർവഹിക്കും. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുക്കും.

കൊച്ചിയിൽ നിന്ന് 3.30ന് ഹെലികോപ്ടറിൽ തൃശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിൻകാട് മൈതാനത്ത് യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കും. 5.45ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തി പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.