കൊച്ചി: പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാർ ആയിരം ദിനം പൂർത്തിയാക്കിയതിന്റെ ആഘോഷപരിപാടികൾക്ക് ഫെബ്രുവരി 20ന് ജില്ലയിൽ തുടക്കം കുറിക്കും. ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പ്രദർശന വിപണനമേള, വികസന സെമിനാർ, സാംസ്‌കാരികപരിപാടികൾ എന്നിവയോടെയാണ് ആഘോഷം സംഘടിപ്പിക്കുകയെന്ന് ജില്ലയുടെ ചുമതല വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. മറൈൻെ്രെഡവ് മൈതാനമായിരിക്കും പ്രധാന വേദി. ഇതിന് പുറമെ എല്ലാ നിയോജകമണ്ഡലങ്ങളിലും മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം സംഘാടകസമിതിക്ക് രൂപം നൽകി. മന്ത്രി എ.സി. മൊയ്തീൻ ചെയർമാനും ജില്ലാ കളക്ടർ കൺവീനറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജോയിന്റ് കൺവീനറുമാണ്. ഇതിനു പുറമേ നിയോജക മണ്ഡല അടിസ്ഥാനത്തിൽ ജനപ്രതിനിധികളെയും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷ•ാരെയും ഉൾപ്പെടുത്തി ഉപസമിതികളും രൂപീകരിക്കും. ഉപസമിതികളുടെ രൂപീകരണവും ഉദ്ഘാടന പരിപാടികളും ചർച്ച ചെയ്യുന്നതിന് ഫെബ്രുവരി രണ്ടിന് വൈകീട്ട് മൂന്നു മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
ഫെബ്രുവരി 20 മുതൽ 27 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുക. മറൈൻ െ്രെഡവ് മൈതാനത്ത് പ്രധാന വേദിയൊരുക്കും. വാഗ്ദാനം പാലിച്ച് 1000 ദിനം, 1000 പദ്ധതികൾ, 10000 കോടിയുടെ വികസനം എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. ജില്ലയിൽ തുടങ്ങാനിരിക്കുന്നതോ പൂർത്തിയായതോ ആയ പദ്ധതികൾ സംബന്ധിച്ച് വിവിധ വകുപ്പുകൾ ജനുവരി 31നകം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അറിയിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാന സർക്കാരിന്റെ നാല് മിഷനുകളായ ഹരിത കേരളം, ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയ്ക്കും പ്രളയ ദുരിതാശ്വാസ പുനരധിവാസ പുന:നിർമാണ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകും. പൊതുജനങ്ങൾക്ക് നേരിട്ട് സേവനം നൽകുന്ന എല്ലാ വകുപ്പുകളും പ്രദർശനത്തിൽ സ്റ്റാളുകളൊരുക്കും. വിപണനമേളയും ഭക്ഷ്യമേളയും സംഘടിപ്പിക്കും.
പ്രളയാനന്തര കേരളത്തിന്റെ പുനഃനിർമാണത്തിന് ദിശാബോധം നൽകുന്ന വിഷയങ്ങളിലാണ് സെമിനാർ നടത്തുക. സർക്കാരിന് കീഴിലുള്ള അക്കാദമികളുടെയും കലാസംഘങ്ങളുടെയും സഹകരണത്തോടെ ടൂറിസം വകുപ്പ് സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. എംഎൽഎമാരായ എം. സ്വരാജ്, ജോൺ ഫെർണാണ്ടസ്, കെ.ജെ. മാക്‌സി, ആന്റണി ജോൺ, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.