ആലുവ: കടുങ്ങല്ലൂർ, കരുമാല്ലൂർ പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസായ ഓഞ്ഞിത്തോട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതി സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഹൃദയത്തിൽ നന്മയുടെ കുളിരുറവ വറ്റിപ്പോയിട്ടില്ലാത്തവർ പ്രകൃതിയുടെ പച്ചപ്പു നിലനിന്നുകാണുവാൻ ആദ്യം ആഗ്രഹിക്കന്നത് നീർച്ചാലുകളുടെ നിലക്കാത്ത ഒഴുക്കാണെന്നും ആ ഒഴുക്ക് ഓഞ്ഞിത്തോടിൽ കൊണ്ടുവരാനും നിലനിർത്താനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കൺവൻഷൻ ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് കെ. സുകുമാരൻ പറഞ്ഞു. അധികാര തലങ്ങളിലെ കണ്ണ് പലകാരണങ്ങളാലും പലപ്പോഴും അടഞ്ഞാണിരിക്കുകയെന്നും അത് തുറക്കുന്നതിന് സമൂഹം ഉറക്കമിളച്ച് ഉമ്മറത്ത് ഉപവസിക്കേണ്ടതുണ്ടെന്നും അനുഗ്രഹ പ്രഭാഷണത്തിൽ സാഹിത്യകാരൻ സേതു ഓർമ്മപ്പെടുത്തി. എല്ലാസമരങ്ങളും ഗാന്ധിമാർഗ്ഗത്തിലും പ്രകോപന രീതികളൊഴുവാക്കിക്കണ്ടുള്ളതുമായിരിക്കണമെന്നും ഓഞ്ഞിത്തോട് സംരക്ഷണ ഉപദേശക സമിതി അംഗമായ റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ് അഭിപ്രായപ്പെട്ടു.
കയ്യേറ്റങ്ങളൊഴുപ്പിച്ച് ഓഞ്ഞിത്തോട് പുനരുത്ഥാനവും സംരക്ഷണവും ഉറപ്പുവരുത്താതെ പിന്മാറ്റമോ വിശ്രമമോ ഇല്ലെന്നു പ്രഖ്യാപിക്കുന്ന പ്രമേയം കൺവെൻഷൻ ഏകകണ്ഠമായി അംഗീകരിച്ചു.
കെ.എ. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. സമിതി കൺവീനർ കെ.എസ്. പ്രകാശൻ, ശ്രീമൻ നാരായണൻ, എൻ. രാമചന്ദ്രൻ, ടി.കെ. ഷംസു, കെ.എച്ച്. സദക്കത്ത്, എം.എം. ഉല്ലാസ് കുമാർ, ഷംസു എടയാർ, ടി.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.