reservation

കൊച്ചി: ദാരിദ്ര്യത്തിന്റെ മറവിൽ സാമ്പത്തിക സംവരണം അനുവദിക്കാൻ കഴിയില്ലെന്ന് മുൻ ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസും ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാനുമായിരുന്ന ജസ്റ്റിസ് വി. ഈശ്വരയ്യ അഭിപ്രായപ്പെട്ടു. നാഷണൽ ഫോറം ഫോർ എൻഫോഴ്സ്‌മെന്റ് ഒഫ് സോഷ്യൽ ജസ്റ്റിസ് കൊച്ചിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനും വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള അന്തരം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ട ഭരണഘടനാ വ്യവസ്ഥകളെ ദുർബലമാക്കുന്നതാണ് പുതിയ നിയമം. ഇത് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ തകർക്കുന്നതുമാണ്. ഈ ഭേദഗതിയിലൂടെ ഉണ്ടാവുന്ന ഗുരുതര പ്രത്യാഘാതങ്ങൾ വിലയിരുത്താൻ പാർലമെന്റ് അംഗങ്ങൾക്കോ പാർട്ടി നേതൃത്വങ്ങൾക്കോ കഴിഞ്ഞില്ല. രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദളിത് പിന്നോക്ക ജനവിഭാഗങ്ങളെ പുതിയൊരു ജാതിവിവേചനത്തിന് വിധേയമാക്കുന്ന ഈ ഭരണഘടനാ ഭേദഗതി റദ്ദാക്കുന്നതിന് മുഴുവൻ പിന്നോക്ക ദളിത് വിഭാഗങ്ങളും

ഒന്നിച്ച് അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദാരിദ്ര്യം പറഞ്ഞും വിവേചനം : ഡോ.മോഹൻ ഗോപാൽ ഭരണഘടനയിൽ നിർവചിച്ചിട്ടില്ലാത്ത ദാരിദ്ര്യത്തെ പുതിയ നിയമനിർമ്മാണത്തിലൂടെ സാമൂഹ്യ അനീതിയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ് പുതിയ ഭേദഗതിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ നാഷണൽ ലാ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ദേശീയ ജുഡിഷ്യൽ അക്കാഡമി ഡയറക്ടറുമായിരുന്ന ഡോ.മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. ഈ ഭേദഗതിയെ സാധൂകരിക്കുന്ന തെളിവുകളോ സ്ഥിതിവിവര കണക്കുകളോ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, ദാരിദ്ര്യം പരിഗണിച്ച് നടപ്പാക്കുന്ന പ്രത്യേക പരിരക്ഷകളിൽ നിന്നു രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങളെ മാറ്റിനിറുത്തുന്ന പുതിയൊരു വിവേചനവും സൃഷ്ടിക്കപ്പെട്ടു. ദരിദ്രർക്ക് നീക്കിവയ്ക്കുന്ന അവസരങ്ങളിൽ നിന്ന് ദളിത് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയതിന് ഒരു ന്യായീകരണവുമില്ല. ദരിദ്രരിൽ 95 ശതമാനവും ഈ വിഭാഗക്കാരാണ്. ഇത് ഭരണഘടനാപരമായ വിവേചനവും ഭരണഘടനാ വിധേയമായ ചാതുർവർണ്യ വ്യവസ്ഥയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്റ്റിസ്റ്റ് കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ. ജോഷി, ഡോ. എ. നീലലോഹിതദാസ്, അഡ്വ.എ.എൻ. രാജൻ ബാബു, അഡ്വ.പി. കെ. ശാന്തമ്മ, ഷാജി ജോർജ്, എൻ.കെ. അലി, അഡ്വ.രാജൻ മഞ്ചേരി, ഡോ.ശങ്കരൻ, അഡ്വ. ടി.ആർ.രാജേഷ്, രവി മൂവാറ്റുപുഴ എന്നിവർ സംസാരിച്ചു.