 അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി പത്തു ശതമാനം കുറയ്ക്കും

കൊച്ചി: കൊച്ചി റിഫൈനറിയിലെ വികസനപദ്ധതികൾ പൂർത്തിയാകുന്നതോടെ ദക്ഷിണേന്ത്യയിലെ പെട്രോകെമിക്കൽ വിപ്ളവത്തിന്റെ കേന്ദ്രമായി കൊച്ചി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിലവിൽ ഇറക്കുമതി ചെയ്യുന്ന നിരവധി ഉത്പന്നങ്ങൾ ഇതോടെ രാജ്യത്തുതന്നെ ഉദ്പാദിപ്പിക്കാൻ കഴിയും. കൊച്ചി റിഫൈനറിയുടെ സംയോജിത വികസന പദ്ധതിയുടെ (ഐ.ആർ.ഇ.പി) സമർപ്പണവും പെട്രോകെമിക്കൽ സമുച്ചയത്തിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബി.പി.സി.എല്ലിന് കീഴിലെ കൊച്ചി റിഫൈനറി ഇന്ധനേതര രംഗത്തും പ്രവർത്തിക്കാനുള്ള തന്ത്രപരമായ നീക്കമാണ് വികസന പദ്ധതികൾ. കെട്ടിട നിർമ്മാണ സാമഗ്രികൾ, പ്ളാസ്റ്റിക്, പെയിന്റ്, ചെരുപ്പുകൾ, വസ്ത്രങ്ങൾ, വാഹനഭാഗങ്ങൾ, സൗന്ദര്യവർദ്ധകവസ്‌തുക്കൾ തുടങ്ങിയവയുടെ അസംസ്‌കൃത വസ്‌തുവാണ് പെട്രോകെമിക്കലുകൾ. നിലവിൽ, ഇവ പ്രധാനമായും ഇറക്കുമതി ചെയ്യുകയാണ്. പെട്രോകെമിക്കൽ സമുച്ചയം പൂർത്തിയാകുന്നതോടെ ഇത്തരം ഉത്പന്നങ്ങൾ രാജ്യത്തു തന്നെ ഉദ്പാദിപ്പിക്കും. ഇവയുമായി ബന്ധപ്പെട്ട നിരവധി വ്യവസായങ്ങൾ കൊച്ചിയിലേക്ക് വരുമെന്ന് ഉറപ്പാണ്. റിഫൈനറിയോട് ചേർന്ന് സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പെട്രോകെമിക്കൽ പാർക്ക് നിരവധി ബിസിനസ് സാദ്ധ്യതകൾ തുറക്കും.

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി പത്തു ശതമാനം കുറയ്ക്കാൻ നടപടി ആരംഭിച്ചു. പരിസ്ഥിതിസൗഹൃദ ഇന്ധനങ്ങൾ വ്യാപകമാക്കുകയാണ് ലക്ഷ്യം. അതിന് പൊതുമേഖലാ എണ്ണക്കമ്പനികൾ ചേർന്ന് പതിനൊന്നു സംസ്ഥാനങ്ങളിൽ പന്ത്രണ്ട് പുതുതലമുറ പ്ളാന്റുകൾ സ്ഥാപിക്കും. ആറു ധാരണാപത്രങ്ങൾ ഒപ്പിട്ടിട്ടുണ്ട്. സി.എൻ.ജി പവാഹനങ്ങൾക്ക് ഇന്ധനം നൽകാനും ലക്ഷ്യമിട്ട് സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കും. അഞ്ഞൂറു ജില്ലകളിൽ സിറ്റി ഗ്യാസ് ലഭ്യമാക്കി. 15,000 കിലോമീറ്റർ ഗ്യാസ് പൈപ്പ്ലൈൻ ശൃംഖലയ്ക്ക് പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉദയംപേരൂർ എൽ.പി.ജി പ്ളാന്റിൽ നിർമ്മിച്ച മൗണ്ടഡ് സ്റ്റോറേജിന്റെ ഉദ്ഘാടനവും എണ്ണക്കമ്പനികൾ സംയുക്തമായി ഏറ്റുമാനൂരിൽ നിർമ്മിക്കുന്ന നൈപുണ്യ വികസന ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ടൂറിസം മന്ത്രി അൺഫോൻസ് കണ്ണന്താനം, എം.പിമാരായ റിച്ചാർഡ് ഹേ, കെ.വി. തോമസ്, വി.പി. സജീന്ദ്രൻ എം.എൽ.എ, പെട്രോളിയം മന്ത്രാലയ സെക്രട്ടറി എം.എം. കുട്ടി, ബി.പി.സി.എൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡി. രാജ്കുമാർ, കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്‌ടർ പ്രസാദ് കെ. പണിക്കർ തുടങ്ങിയവരും പങ്കെടുത്തു.

ഒരുലക്ഷം കോടി രൂപയുടെ

നിക്ഷേപ പ്രതീക്ഷ: മുഖ്യമന്ത്രി

റിഫൈനറിക്ക് സമീപം സ്ഥാപിക്കുന്ന പെട്രോകെമിക്കൽ പാർക്കിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷയെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1,427 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് സ്ഥാപിക്കുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്ഘ‌നയിൽ മാറ്റങ്ങൾ വരുത്താൻ പാർക്കിന് സാധിക്കും.

കൊച്ചി റിഫൈനറിയുടെ വികസനത്തിന് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. സംയോജിത വികസന പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുത്തുനൽകി. കേരളത്തിന് ലഭിച്ച ഏറ്റവും വലിയ നിക്ഷേപമാണ് 16,504 കോടി രൂപ ചെലവിട്ട് പൂർത്തീകരിച്ച വികസന പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.