കൊച്ചി: എവിടെ നല്ലകാര്യം നടന്നാലും മലയാളികൾ പാരവയ്ക്കാൻ മുന്നിലുണ്ടാകും. അതൊരു ഡി.എൻ.എ പ്രശ്‌നമാണെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. പത്മഭൂഷൺ നേടിയ നമ്പി നാരായണനെ വിമർശിച്ച മുൻ ഡി.ജി.പി ടി.പി. സെൻകുമാറിന്റെ നിലപാടിനോടായിരുന്നു ഈ പ്രതികരണം.
ഏത് മലയാളിക്ക് അംഗീകാരം ലഭിച്ചാലും മലയാളികൾ ഒരുമിച്ച് ആഘോഷിക്കണം. സെൻകുമാർ ബി.ജെ.പി അംഗമല്ല. അദ്ദേഹത്തിന് എന്തും പറയുവാനുള്ള അവകാശമുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
ഒരു മലയാളിക്ക് പത്മാ പുരസ്‌കാരം പോലെ വലിയ അംഗീകാരങ്ങൾ ലഭിക്കുമ്പോൾ അഭിമാനിക്കുകയാണ് വേണ്ടത്. പാരവയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഒരു സർക്കാരിനും ചെയ്യാൻ സാധിക്കാത്ത വികസന കാര്യങ്ങളാണ് മോദി സർക്കാർ നാല് വർഷം കൊണ്ട് രാജ്യത്ത് നടപ്പിലാക്കിയത്. ഈ കാലയളവിൽ രാജ്യത്ത് പത്തര കോടി ടോയ്‌ലെറ്റുകൾ നിർമ്മിച്ചു.
ഒരു രാജ്യത്തിന് പോലും ഈ നേട്ടം സാധിച്ചിട്ടില്ല. 30 കോടി പൗരന്മാർക്ക് ബാങ്ക് അക്കൗണ്ട് തുറന്ന് നൽകി. ആ അക്കൗണ്ടിലേക്ക് വിവിധയിനങ്ങളിൽ 5.4 ലക്ഷം കോടി രൂപയുടെ വിനിമയമുണ്ടായെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.