കൊച്ചി: കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടി (സി.എം.പി) രൂപീകൃതമായി 33 വർഷങ്ങളാകുമ്പോൾ ഇന്ന് സി.പി.എം എം.വി.ആർ ലൈൻ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സി.എം.പി പത്താം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.വി.ആർ അന്ന് ഉയർത്തിയ ആശയത്തിന് ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തിയേറി.സ്വത്വ രാഷ്ട്രീയത്തെ വാരിപ്പുണരുന്ന നയവുമാണ് സി.പി.എം ഇന്ന് സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആയിരങ്ങൾ അണിനിരന്ന വമ്പിച്ച ബഹുജന റാലിയോടെയാണ് ഇന്നലെ പാർട്ടി കോൺഗ്രസിന് തുടക്കം കുറിച്ചത്. റാലിക്ക് പാർട്ടി ജനറൽ സെക്രട്ടറി സി.പി. ജോൺ, അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എൻ. വിജയകൃഷ്ണൻ, സി.എ. അജീർ ഉൾപ്പെടെയുള്ള നേതാക്കൾ നേതൃത്വം നൽകി.
തുടർന്ന് നടന്ന സമ്മേളനത്തിൽ സി.പി. ജോൺ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ജനാധിപത്യവൽക്കുകയാണെങ്കിൽ മാത്രമേ ലോകത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഭാവിയുണ്ടാകൂവെന്ന് സി.പി. ജോൺ പറഞ്ഞു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി. തോമസ് എംഎൽഎ, ബംഗാളിൽ നിന്നുള്ള മുൻ സിപിഎം നേതാവ് സമീർ പുടാട്ടുണ്ട, ഒഡീഷയിൽ നിന്നുള്ള അജയ് റാവത്ത്, പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ചെയർമാൻ അഡ്വ. ബി.എസ്. സ്വാതികുമാർ തുടങ്ങിയവർ സംസാരിച്ചു.
ഇന്ന് രാവിലെ 9.30ന് ടൗൺ ഹാളിലെ എം.വി.ആർ നഗറിൽ പാർട്ടി പതാക ഉയർത്തുന്നതോടെ കോൺഗ്രസിന്റെ ഔപചാരിക നടപടികൾക്ക് തുടക്കമാകും. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ പ്രമേയം സി.പി. ജോണും പ്രവർത്തന റിപ്പോർട്ട് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എ. അജീറും അവതരിപ്പിക്കും. നേതാക്കളായ സി.എൻ. വിജയകൃഷ്ണൻ, എം.പി. സാജു, പി.ആർ.എൻ. നമ്പീശൻ, കൃഷ്ണൻ കോട്ടുമല, വി.കെ. രവീന്ദ്രൻ എന്നിവർ രാഷ്ട്രീയസംഘടനാ പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗരേഖകൾ അവതരിപ്പിക്കും.