maamaankam-movie

കൊച്ചി: പറഞ്ഞുറപ്പിച്ച എഗ്രിമെന്റ് പ്രകാരമാണ് മാമാങ്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന മാറ്റങ്ങളൊക്കെ ഉണ്ടായതെന്ന് നിർമ്മാതാവ് വേണു കുന്നപ്പിള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം. പദ്മകുമാറായിരിക്കും സിനിമ ഇനി സംവിധാനം ചെയ്യുക. ഏപ്രിലോടെ ഷൂട്ടിംഗ് പൂർത്തിയാക്കി 2019ൽ തന്നെ ചിത്രം പുറത്തിറക്കും.

മാമാങ്കത്തിന്റെ മുൻസംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സജീവ് പിള്ളയുടെ പരിചയക്കുറവ് മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായത്. സ്ക്രിപ്റ്റിന്റെ പ്രതിഫലമായി മൂന്നുലക്ഷം രൂപയും സംവിധാനത്തിന് 20 ലക്ഷം രൂപയുമായിരുന്നു അദ്ദേഹത്തിനായി നിശ്ചയിച്ചിരുന്നത്. അതിൽ 1.25 ലക്ഷം രൂപ മാത്രമേ ഇനി നൽകാനുള്ളൂ. അദ്ദേഹം ഷൂട്ട് ചെയ്തതൊന്നും സിനിമയ്ക്കായി ഉപയോഗിക്കാനാവുന്നതായിരുന്നില്ല.

ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഇടപെടലിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ സജീവിന്റെ കൂടി സമ്മതപ്രകാരമാണ് എം. പദ്മകുമാർ സിനിമയുടെ സംവിധാനം ഏറ്റെടുത്തത്. രാജ്യാന്തര നിലവാരത്തിലുള്ള സിനിമ പൂർത്തിയാക്കണമെന്ന ആഗ്രഹം കൊണ്ടാണ് നഷ്ടമുണ്ടായിട്ടും ഈ സിനിമയുടെ നിർമ്മാണവുമായി മുന്നോട്ടുപോകാൻ തയ്യാറായത്.

ചിത്രത്തിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന ധ്രുവനെ പുറത്താക്കിയതല്ല. നടൻ ആവശ്യപ്പെട്ട പ്രകാരം എഗ്രിമെന്റ് മാറ്റിയെഴുതാൻ തനിക്കാവാതിരുന്നതാണ് പുറത്താകലിൽ കലാശിച്ചത്. മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രമാണ് മാമാങ്കം.