കൊച്ചി: സംസ്ഥാനത്ത് യു.ഡി.എഫിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് മറൈൻഡ്രൈവിൽ നടക്കുന്ന നേതൃസംഗമത്തിൽ രാഹുൽ പങ്കെടുക്കും. പാർട്ടി ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ 50,000 പ്രതിനിധികൾ പങ്കെടുക്കും. തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ നടത്തിയ കടന്നാക്രമണത്തിന് കൊച്ചിയിൽ രാഹുലിന്റെ മറുപടിയുണ്ടാകുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.
ഉച്ചയ്‌ക്ക് 1.30 ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ സ്വീകരിക്കും. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. ഗസ്‌റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം 3.20 ന് രാഹുൽ മറൈൻഡ്രൈവിലെ സമ്മേളനത്തിൽ പ്രതിനിധികളെ അഭിസംബോധന ചെയ്യും. 4.50 ന് ഗസ്‌റ്റ് ഹൗസിൽ ഘടകകക്ഷി നേതാക്കളുമായി ചർച്ച. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഘടകക്ഷികളുടെ അഭിപ്രായം ആരായുകയാണ് ലക്ഷ്യം. 6.30 ന് നെടുമ്പാശ്ശേരിയിൽ നിന്ന് ഡൽഹിക്കു മടങ്ങും. സമ്മേളവേദിയിൽ 18 കോൺഗ്രസ് നേതാക്കൾക്കാണ് ഇരിപ്പിടം. നഗരത്തിൽ കർശന സുരക്ഷയും ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.