കൊച്ചി : ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സയ്ക്കായി ശിക്ഷ മരവിപ്പിച്ച് ജാമ്യം വേണമെന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 13 -ാം പ്രതി പി.കെ. കുഞ്ഞനന്തൻ. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. സി.പി.എം പാനൂർ ഏരിയാ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ (72) 2012 ലാണ് വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
തടവുപുള്ളിയായതിനാൽ മതിയായ ചികിത്സ ലഭ്യമാകുന്നില്ല. ഇൗ നില തുടർന്നാൽ ജയിലിൽ കിടന്നു മരിക്കും. വിദഗ്ദ്ധ ചികിത്സയ്ക്ക് പുറത്തിറങ്ങണം. ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നും ഇതുവരെ ആറ് വർഷവും ഏഴു മാസവും തടവ് അനുഭവിച്ചു കഴിഞ്ഞെന്നും ഹർജിയിൽ പറയുന്നു.
തടവിലിരിക്കെ ശസ്ത്രക്രിയ വേണ്ടി വന്നു. നട്ടെല്ലിൽ കഴുത്തിന്റെ ഭാഗത്ത് തേയ്മാനം ഉണ്ട്. ആർത്രൈറ്റിസ് രോഗം കലശലാണ്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടി. നട്ടെല്ലിലെ ഡിസ്‌ക് തേയ്മാനത്തിന് ശസ്ത്രക്രിയ വേണമെന്നും ഹർജിയിൽ പറയുന്നു.
കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്നു പശുക്കൾ അജ്ഞാത രോഗത്താൽ ചത്തിരുന്നു. ഇവയുടെ പാൽ ഉപയോഗിച്ചിരുന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിരീക്ഷണാർത്ഥം മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില അനുദിനം വഷളാകുകയാണെന്നും ഹർജിയിലുണ്ട്.
പി.കെ. കുഞ്ഞനന്തന് അനധികൃതമായി പരോൾ അനുവദിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സർക്കാരും ജയിൽ വകുപ്പും ചേർന്ന് കുഞ്ഞനന്തന് നിയമ വിരുദ്ധമായി പരോൾ നൽകുന്നതായാണ് രമയുടെ ആരോപണം.