george-fernandez

ദേശീയ രാഷ്‌ട്രീയത്തിൽ ഒട്ടേറെ പരിവർത്തനങ്ങളുണ്ടാക്കാൻ കാരണക്കാരനായ നേതാവാണ് ജോർജ് ഫെർണാണ്ടസ്. യുവാക്കളെയും സാധാരണക്കാരെയും ആവേശം കൊള്ളിക്കാൻ കഴിഞ്ഞ നേതാവ്. ഇന്ത്യക്കാർ അദ്ദേഹത്തിൽ ഒരുപാട് പ്രതീക്ഷകൾ അർപ്പിച്ചു. രാജ്യത്ത് സമൂലമായ ഭരണമാറ്റത്തിന് വഴിയൊരുക്കിയ 1974 ലെ റെയിൽവേ സമരത്തിന്റെ സൂത്രധാരൻ അദ്ദേഹമായിരുന്നു. ഡോ.റാംമനോഹർ ലോഹ്യയുടെ അനുയായി എന്ന നിലയിൽ എച്ച് എം.പി( ഹിന്ദ് മസ്ദൂർ പഞ്ചായത്ത്) എന്ന സംഘടനയ്ക്ക് നേതൃത്വം നൽകി. എച്ച്.എം. എസ്( ഹിന്ദ് മസ്‌ദൂർ സഭ) രൂപീകരിക്കുമ്പോൾ ജയപ്രകാശ് നാരായണനും ലോഹ്യയ്‌ക്കും ഒപ്പം ജോർജും ഉണ്ടായിരുന്നു. 1970 കളിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ പുനരൈക്യകാലത്ത് പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സംഘടന എച്ച്.എം.പി ആണ്. ജോർജ് മുൻകൈയെടുത്ത് എച്ച്. എം.പിയെ എച്ച്.എം.എസിൽ ലയിപ്പിച്ചു. ഇതേതുടർന്നാണ് 1980 കളിൽ തൊഴിലാളി രംഗത്ത് എച്ച്.എം.എസിന്റെ ദേശീയ സെക്രട്ടറിമാരിൽ ഒരാളായി എന്നെ തിരഞ്ഞെടുക്കുന്നത്. പിന്നീട് ദേശീയ സെക്രട്ടറിയായി ഒരു പതിറ്റാണ്ട് കാലം തൊഴിലാളി രംഗത്ത് പ്രവർത്തിക്കാൻ കഴിഞ്ഞത് ജോർജിനെ പോലെയുള്ള നേതാക്കളുടെ സഹായം കൊണ്ടാണ്.

60 കളിൽ കേരളത്തിൽ യുവജന സഭയുടെ നേതാവായി പ്രവർത്തിക്കുന്ന കാലത്താണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. പിന്നീട് വളരെ അടുത്ത് പ്രവർത്തിക്കാൻ അവസരം ലഭിച്ചു. മാവേലിക്കര, കോട്ടയം പാർലമെന്റ് സീറ്റുകളിലേക്ക് ഞാൻ മത്സരിച്ചപ്പോൾ എനിക്ക് വേണ്ടി അദ്ദേഹം പ്രചരണത്തിനിറങ്ങി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്.

2008 ജനുവരിയിൽ 77ാം പിറന്നാൾ ആഘോഷവേളയിലാണ് അവസാനമായി കണ്ടത്. ബംഗളൂരുവിൽ നടന്ന ആഘോഷവേദിയിലേക്ക് അദ്ദേഹം കടന്നുവന്നത് എന്റെ കൈകളിൽ പിടിച്ചാണ്. പരിപാടി കഴിഞ്ഞ് ഇറങ്ങിപ്പോയതും എന്റെ ചുമലിൽ താങ്ങിയാണ്. അധികം താമസിയാതെ അദ്ദേഹം രോഗാതുരനായി. ഓർമ്മ നഷ്ടപ്പെട്ടു പിന്നീട് .ഡൽഹിയിലെ വസതിയിൽ സന്ദർശിച്ചുവെങ്കിലും എന്നെ അദ്ദേഹം തിരിച്ചറിഞ്ഞില്ല

ജോർജ് ഫെർണാണ്ടസിന്റെ ബി.ജെ.പി ബന്ധത്തെ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഞങ്ങളുടെ സൗഹൃദത്തിന് കോട്ടം സംഭവിച്ചില്ല. ഇതു സംബന്ധിച്ച് ഞങ്ങൾ തമ്മിൽ പലവട്ടം ചർച്ചകൾ നടന്നിട്ടുണ്ട്. അപ്പോഴെല്ലാം ഞാൻ കണ്ടത് അദ്ദേഹത്തിന്റെ കടുത്ത കോൺഗ്രസ് വിരോധമായിരുന്നു.ഡോ.ലോഹ്യ വച്ചുപുലർത്തിയിരുന്ന അതേ മനോഭാവം. വാജ്പേയിയും അദ്വാനിയും ജോർജിന്റെ കഴിവുകളെ അംഗീകരിക്കുകയും അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ ദിശയിലൂടെ ചലിച്ചവരാണ് നിതിഷ്‌കുമാർ, രാംവിലാസ് പസ്വാൻ തുടങ്ങിയവർ .

ജയപ്രകാശും ,അനുയായികളും ലോഹ്യ അനുയായികളും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്കാരും എല്ലാം പിന്നീട് ജനതാപാർട്ടിയിലൂടെ വീണ്ടും ഒന്നിച്ചു. അവരുടെ പ്രതിനിധിയായാണ് ഞാൻ പാർലമെന്റിലെത്തിയത്. പിന്നീട് ജനതാദൾ രൂപീകരിച്ചപ്പോൾ അതിന്റെയും പ്രധാന ശക്തികേന്ദ്രം ജോർജ് ഫെർണാണ്ടസായിരുന്നു.

 എന്നും പൊതുമേഖലയ്ക്കൊപ്പം

മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് എന്റെ നേതൃത്വത്തിൽ അപ്പോളോ ടയേഴ്‌സിൽ തൊഴിലാളി സമരം നടക്കുന്നത്. അന്ന് ജോർജ് ആ മന്ത്രിസഭയിൽ അംഗമാണ്. ലോക്കൗട്ട് ചെയ്ത് കമ്പനിയെ കേന്ദ്രസർക്കാരിനെ ഏല്പിക്കാനായിരുന്നു മാനേജ്മെന്റിന്റെ നീക്കം. എന്നാൽ ജോർജ് അത് പൊളിച്ചു. അന്ന് അദ്ദേഹം ഒപ്പം നിന്നതുകൊണ്ടു മാത്രം സമരം വിജയിച്ചു.

പിന്നീട് അദ്ദേഹം വാജ്‌പേയ് സർക്കാരിൽ പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് ഷിപ്പിംഗ് മന്ത്രിയായ ഗോയൽ കൊച്ചി കപ്പൽശാല സ്വകാര്യവത്കരിക്കാൻ ശ്രമം നടത്തിയത്. ഞാൻ നൽകിയ നിവേദനത്തെ തുടർന്ന് മന്ത്രിസഭയെ കൊണ്ടു തന്നെ ആ തീരുമാനം തിരുത്തികുറിക്കാൻ ജോർജിന് കഴിഞ്ഞു. സ്ഥാപനം ഇന്നും പൊതുമേഖലയിൽ തുടരുന്നു.

 മികവുറ്റ വ്യക്തി

ഒരു ഭരണാധികാരി എന്ന നിലയിൽ മികവുറ്റ വ്യക്തിയായിരുന്നു അദ്ദേഹം. അണുവായുധ കരാറുകൾ ഉണ്ടാക്കുന്നതിൽ, കാർഗിൽ യുദ്ധം നയിക്കുന്നതിൽ, രാഷ്‌ട്രിയ മുന്നണികളിൽ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞുതീർക്കുന്നതിൽ , തൊഴിലാളി സമരങ്ങൾക്ക് അനുപമായ നേതൃത്വം നൽകുന്നതിൽ എല്ലാം അദ്ദേഹം വിജയിച്ചിട്ടുണ്ട്. ജോർജിന് തുല്യം ജോർജ് മാത്രം.

വൈദിക പട്ടം പഠിക്കുന്നതിന് പോയ ജോർജ് അതുപേക്ഷിച്ചാണ് മുംമ്പെയിൽ പി.ഡിമല്ലോ നേതൃത്വം നൽകിയിരുന്ന തുറമുഖ തൊഴിലാളികളുടെ യൂണിയൻ പ്രവർത്തനങ്ങളിലേക്ക് എത്തുന്നത്. പിന്നീട് അദ്ദേഹം ബെസ്റ്റ് മുൻസിപ്പൽ തൊഴിലാളികളെ സംഘടിപ്പിച്ചു. ബസ്റ്റ് ബസ് തൊഴിലാളികളുടെ സമരത്തിൽ ബോംബെ നഗരം നിശ്ചലമായി. ഇതിനുശേഷം 67 ൽ നടന്ന തിരഞ്ഞെടുപ്പിൽ അജയ്യനായ കോൺഗ്രസ് നേതാവ് എസ്.കെ. പാട്ടീലിനെ തോല്‌പ്പിച്ച് ജെയിന്റ് കില്ലർ എന്ന പേരു നേടി.പിന്നീട് ജയിലിൽ കിടന്ന് മത്സരിച്ച് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച റെക്കോർഡും ജോർജ് സ്വന്തമാക്കി.

ട്രേഡ് യൂണിയൻ പോരാട്ടങ്ങളുടെ ചരിത്രം തിരുത്തികുറിച്ച ചരിത്രപ്രസിദ്ധമായ റെയിൽവേ സമരത്തിന്റെ പേരിലാണ് ജോർജ് ഫെർണാണ്ടസ് എന്നും ഓർമ്മിക്കപ്പെടുന്നത്. തൊഴിലാളി നേതാവെന്ന നിലയിൽ അന്തർദേശീയ രംഗത്തും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.നിരവധി അവാർഡുകൾ നേടി.