kerala-high-court

കൊച്ചി : ഹൈക്കോടതിയിൽ പിറവം, വരിക്കോലി പള്ളിക്കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെ. ഹരിലാൽ, ജസ്റ്റിസ് ആനി ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കാരണം വ്യക്തമാക്കാതെ പിന്മാറി. കേസ് കേൾക്കാൻ വിസമ്മതിക്കുന്ന നാലാമത്തെ ഡിവിഷൻ ബെഞ്ചാണിത്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും മതപരമായ ചടങ്ങുകൾ നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഒാർത്തഡോക്‌സ് വിഭാഗവും സമാധാനപരമായി പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗവും നൽകിയ ഹർജികളാണ് കോടതിയിലുള്ളത്. ഇന്നലെ പരിഗണനയ്ക്കു വന്നപ്പോൾ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് ജസ്റ്റിസ് ആനി ജോൺ വ്യക്തമാക്കുകയായിരുന്നു.

ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിലാണ് ഹർജികൾ ആദ്യം എത്തിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനായിരിക്കെ ഒരു വിഭാഗത്തിനുവേണ്ടി ഹാജരായിട്ടുണ്ടെന്ന് കക്ഷി ചേരാനെത്തിയ ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന് ഡിസംബർ 11ന് ഇൗ ബെഞ്ച് പിന്മാറി. പിന്നാലെ ജസ്റ്റിസ് വി. ചിദംബരേഷ്, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ ഹർജികളെത്തി. ജസ്റ്റിസ് ചിദംബരേഷും അഭിഭാഷകനായിരിക്കെ പള്ളിക്കേസിൽ ഹാജരായിട്ടുണ്ടെന്ന വാദമുയർന്നതോടെ ഡിസംബർ 21ന് ആ ബെഞ്ചും പിന്മാറി. ജനുവരി 25ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കാരണം വ്യക്തമാക്കാതെ ഒഴിവായി. തുടർന്നാണ് ഹർജികൾ ജസ്റ്റിസ് ഹരിലാൽ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിലെത്തിയത്.

ഇനി എന്ത്?

മറ്റൊരു ഡിവിഷൻ ബെഞ്ചിലേക്ക് ഹർജികൾ വരും. ഹൈക്കോടതിയിൽ ഒമ്പത് ഡിവിഷൻ ബെഞ്ചുകളുണ്ട്. ശേഷിക്കുന്ന ഏതെങ്കിലും ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാനോ പ്രത്യേക ബെഞ്ചിന് രൂപം നൽകാനോ ചീഫ് ജസ്റ്റിസിന് അധികാരമുണ്ട്. ഹാരിസൺ കേസുകളിൽ സമാന സ്ഥിതിയുണ്ടായപ്പോൾ പ്രത്യേക ബെഞ്ചിന് രൂപം നൽകി വാദം കേൾക്കുകയായിരുന്നു.