കൊച്ചി: കൈയെഴുത്തുശാസ്ത്രം (കാലിഗ്രഫി) മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നും ശരീരത്തിന്റെയും മനസിന്റെയും ഏകോപനമാണ് അതിലൂടെ വെളിപ്പെടുന്നതെന്നും കൈയെഴുത്തുമായി ബന്ധപ്പെട്ട ദൃശ്യകലാ വിദഗ്ദ്ധനായ ബ്രയൻ മുൽവിഹിൽ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) സംഘടിപ്പിച്ച ത്രിദിന ശില്പശാലയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കണ്ണമാലി ചിന്മയ വിദ്യാലയത്തിലെ ഇരുപതോളം വിദ്യാർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത്. കൈയെഴുത്തുശാസ്ത്രം എന്താണെന്ന കാര്യത്തിൽ ശില്പശാലയുടെ തുടക്കത്തിൽ സംശയങ്ങളുണ്ടായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹത്തിൽനിന്ന് കൃത്യവും വ്യക്തവുമായ മറുപടികളാണ് കിട്ടിയതെന്ന് എട്ടാംക്ലാസുകാരി അഭിരാമി പറഞ്ഞു.
ചൈന, ജപ്പാൻ, കൊറിയ, മദ്ധ്യപൂർവേഷ്യ എന്നിവിടങ്ങളിലെ വിദഗ്ദ്ധരിൽനിന്ന് കൈയെഴുത്തുശാസ്ത്രം അഭ്യസിച്ചിട്ടുള്ള ബ്രയാനെ അൻപതുകളിൽ ജീവിച്ചിരുന്ന ബ്രിയോൺ ഗൈസിൻ, അലൻ ഗിൻസ്‌ബെർഗ്, വില്യം ബറോസ് എന്നിവർ സ്വാധീനിച്ചിട്ടുണ്ട്. മനസിന്റെ സമ്പൂർണശ്രദ്ധയാണ് കാലിഗ്രഫിയ്ക്കുവേണ്ടതെന്ന് കെ.ബി.എഫ് മേധാവി ബ്ലെയ്‌സ് ജോസഫ് പറഞ്ഞു. ഈ മേഖലയിലെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയിൽനിന്ന് അത് പഠിക്കാൻ കുട്ടികൾക്ക് കഴിഞ്ഞത് വലിയ നേട്ടമാണെന്നും ബ്ലെയ്‌സ് ചൂണ്ടിക്കാട്ടി.