കൊച്ചി : ഐസ്ക്രീം പാർലർ അട്ടിമറിക്കേസിൽ തുടർനടപടികൾ അവസാനിപ്പിക്കാൻ ഒത്തുകളിച്ച സർക്കാർ കെടുകാര്യസ്ഥത കാട്ടിയെന്ന് വി.എസ്. അച്യുതാനന്ദൻ ഹൈക്കോടതിയിൽ ആരോപിച്ചു. കേസ് അട്ടിമറിച്ചെന്ന കെ.എ. റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ നടപടികൾ കോടതി അവസാനിപ്പിച്ചതിനെതിരെ നൽകിയ റിവിഷൻ ഹർജിയിലാണ് ഈ വാദം ഉന്നയിച്ചത്.
2017 ഡിസംബർ 23 നാണ് കോഴിക്കോട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി തുടർനടപടികൾ അവസാനിപ്പിച്ചത്.
എതിർ കക്ഷികളിലൊരാളായ അഡ്വ. വി.കെ. രാജുവുമായി സർക്കാർ ഒത്തുകളിച്ചെന്നാണ് ആരോപണം. സർക്കാർ റിവിഷൻ ഹർജി നൽകാത്തതിനാലാണ് വി.എസിന് ഹർജി നൽകേണ്ടി വന്നതെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
ക്രൈംബ്രാഞ്ചാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും സർക്കാരിന് അപ്പീൽ നൽകാനാവില്ലെന്നും വി.കെ. രാജുവിന്റെ അഭിഭാഷകൻ പറഞ്ഞു.
22 വർഷമായ കേസാണെന്നും അടിയന്തരമായി തീർപ്പാക്കണമെന്നും വി.എസിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും സിംഗിൾ ബെഞ്ച് നിരസിച്ചു. അടിയന്തര പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ലെന്നും കാലഹരണപ്പെട്ട കേസ് അല്ലേയെന്നും കോടതി വാക്കാൽ പറഞ്ഞു. പഴയ കേസ് കുത്തിപ്പൊക്കുകയാണോയെന്നും ആരാഞ്ഞു.
ഹർജി നിലനിൽക്കുമോയെന്ന് പരിശോധിക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് മാർച്ച് അഞ്ചിലേക്ക് മാറ്റി.
കേസ് അട്ടിമറിക്കാൻ മുൻ ജഡ്ജിമാർക്കും മറ്റും പണം നൽകിയെന്ന റൗഫിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് 2011ലാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്. മുൻ ജഡ്‌ജിമാരടക്കമുള്ളവരെ അപകീർത്തിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അഡ്വ. വി.കെ. രാജു കക്ഷി ചേർന്നത്.