rahul-gandhi
കുരുങ്ങാതെ...എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന കോൺഗ്രസ് നേതൃസംഗമത്തിനെത്തിയ രാഹുൽ ഗാന്ധിയെ മാല അണിയിച്ചപ്പോൾ. ഹൈബി ഈഡൻ, എം.എൽ.എ, കെ.സി. വേണുഗോപാൽ എം.പി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി. ധനപാലൻ, ഉമ്മൻ ചാണ്ടി. കൊടിക്കുന്നിൽ സുരേഷ് എന്നിവർ സമീപം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചും പുതിയ വാഗ്ദാനങ്ങൾ നിരത്തിയും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. അധികാരത്തിലെത്തിയാൽ വനിതാസംവരണ ബിൽ പാസാക്കുമെന്നും ജി.എസ്.ടി പുനഃസംഘടിപ്പിക്കുമെന്നും പറഞ്ഞ രാഹുൽ, കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ നടത്തിയ, പാവപ്പെട്ടവർക്ക് മിനിമം വരുമാനമെന്ന പ്രഖ്യാപനം ആവർത്തിക്കുകയും ചെയ്തു.

മോദിയോടും പിണറായിയോടും ഒരൊറ്റ ചോദ്യമേയുള്ളൂ. പാവപ്പെട്ടവർക്കും കർഷകർക്കുമായി എന്തു ചെയ്‌തു? തുടർന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ നടത്തിയ വിമർശനങ്ങൾ പ്രവർത്തകരെ ആവേശഭരിതരാക്കി.

എറണാകുളം മറൈൻ ഡ്രൈവിൽ സംസ്ഥാനത്തെ പാർട്ടി ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ 50,000 ത്തിലധികം പ്രവർത്തകർ പങ്കെടുത്ത നേതൃസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ വനിതകളെയും ചെറുപ്പക്കാരെയും സ്ഥാനാർത്ഥികളാക്കുമെന്നും നേതൃനിരയിലേക്ക് കൊണ്ടുവരുമെന്നും പ്രവർത്തകർക്ക് ഉറപ്പ് നൽകി.

നാലര വർഷക്കാലം നരേന്ദ്ര മോദി പാവപ്പെട്ടവരെയും കർഷകരെയും ദ്രോഹിച്ചതിന് പരിഹാരം കോൺഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകും. നിലവാരമുള്ള വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് നൽകും.

മോദി ഇന്ത്യയുടെ കാവൽക്കാരനല്ല, അഴിമതിക്കാരനാണ്. മൂന്നരലക്ഷം കോടി രൂപ 15 ബിസിനസ് സുഹൃത്തുക്കൾക്ക് സമ്മാനിച്ച മോദി ഒരു രൂപ പോലും കർഷകർക്ക് നൽകിയില്ല. ഓരോ വർഷവും രണ്ടു കോടി തൊഴിലവസരങ്ങളായിരുന്നു മോദിയുടെ വാഗ്‌ദാനം. അത് 15 സുഹൃത്തുക്കൾക്കുള്ള മിനിമം ഗാരന്റി പദ്ധതിയായി മാറിയെന്ന് രാഹുൽ പരിഹസിച്ചു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ വെള്ളം ചേർത്തു. ഭൂമി ഏറ്റെടുക്കൽ നിയമം ദുർബലമാക്കി കർഷകരെ ദ്രോഹിച്ചു. താത്‌കാലിക ലാഭത്തിനുള്ള രാഷ്‌ട്രീയമല്ല കോൺഗ്രസിന്റേത്. പാവപ്പെട്ടവരുടെ ഉന്നമനവും രാജ്യപുരോഗതിയുമാണ് ലക്ഷ്യം. മന്ദഗതിയിലാണെങ്കിലും സ്വയം നിർമ്മാണങ്ങൾക്ക് തുടക്കം കുറിച്ചത് കോൺഗ്രസാണ്. ചരക്കു സേവന നികുതി തുടക്കത്തിലേ പരാജയപ്പെട്ടു. ചെറുകിട കച്ചവടക്കാരെ തകർത്തു.

ഭരണഘടനാ സ്ഥാപനങ്ങളെ മാേദി തകർത്തു. പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നാണ് സുപ്രീംകോടതി ജഡ്ജിമാർ പറഞ്ഞത്.

റാഫേൽ അഴിമതിയിൽ പിടിവീഴാതിരിക്കാനാണ് സി.ബി.ഐ ഡയറക്‌ടറെ മാറ്റിയത്.

 പിണറായി ഭരണം സ്വന്തക്കാർക്കായി

പിണറായി സർക്കാർ അവരുടെ ആളുകളെ മാത്രം പ്രൊമോട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. മനുഷ്യനിർമ്മിത പ്രളയമാണ് കേരളത്തിലുണ്ടായത്. സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിൽ ജനങ്ങളുടെ വികാരം സർക്കാരിന് മനസിലായില്ല. സർക്കാർ ഒന്നും ചെയ്‌തില്ല. തൊഴിലും സ്‌ത്രീ സുരക്ഷയും എൽ.ഡി.എഫ് സർക്കാർ പിന്നാമ്പുറത്താക്കി. സി.പി.എമ്മും ആർ.എസ്.എസും കേരളത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. അതിനായി അക്രമം അഴിച്ചുവിടുന്നു.

കേരളത്തിൽ വരുമ്പോൾ മോദി പറയും ഇന്ത്യ ചൈനയെക്കാൾ വളർന്നെന്ന്. പക്ഷേ, എന്തു സാധനം വാങ്ങിയാലും മെയ്ഡ് ഇൻ ചൈനയെന്നാണ് കാണുന്നത്. ഇനി ചൈനയിലെ ചെറുപ്പക്കാർ സെൽഫിയെടുക്കുമ്പോൾ മെയ്‌ഡ് ഇൻ കേരളയെന്നോ ഇന്ത്യയെന്നോ വായിക്കാൻ കഴിയണം. ബി.ജെ.പിയുടെ പ്രത്യയശാസ്‌ത്രത്തെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുത്തിയത്. അതാണ് മോദിക്കെതിരെയും കേരളത്തിലും നടപ്പാക്കാൻ പോകുന്നതെന്നും രാഹുൽ പറഞ്ഞു.
മറൈൻഡ്രൈവ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്ത് പ്രസിഡന്റ് റോസി സ്‌റ്റാൻലിയെ പ്രസംഗത്തിനി‌ടെ രാഹുൽ വേദിയിലേക്ക് വിളിച്ചു വരുത്തി ആദരിച്ചു.