കൊച്ചി: താഴെതട്ടിൽ പ്രവർത്തിച്ചില്ലെങ്കിൽ ചെങ്ങന്നൂർ ആവർത്തിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. ജനവികാരം ഫലപ്രദമായി വിനിയോഗിച്ചാൽ കേരളത്തിലെ 20 സീറ്റും കോൺഗ്രസിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതൃസംഗമത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ വേദിയിലിരുത്തിയായിരുന്നു ആന്റണിയുടെ മുന്നറിയിപ്പ്.
അരനൂറ്റാണ്ട് നീണ്ട രാഷ്ട്രീയ പ്രവർത്തനത്തിനിടെ കേരളത്തിൽ ഇതു പോലൊരു സമ്മേളനം കണ്ടിട്ടില്ല. ഈ ആവേശം നിലനിറുത്തണം.മോദിയെ തറപറ്റിക്കാൻ കരുത്തുള്ള നേതാവായി രാഹുൽ മാറി. പരമാവധി എം.പിമാർ കേരളത്തിൽ നിന്ന് കോൺഗ്രസിനുണ്ടാകണമെങ്കിൽ ചെങ്ങന്നൂർ പാഠമാകണം. ബൂത്തിൽ പ്രവർത്തകരില്ലെങ്കിൽ ജനവികാരം വോട്ടാകില്ലെന്നും ആന്റണി പറഞ്ഞു.