കൊച്ചി:കോൺഗ്രസിന്റെ നിരവധി സമ്മേളനങ്ങൾക്ക് വേദിയായ എറണാകുളം മറൈൻഡ്രൈവ് ഇത്തവണയും നിറഞ്ഞു കവിഞ്ഞു. രാഹുൽഗാന്ധി മൂന്നരയോടെ വേദിയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അതിന് മണിക്കൂറുകൾക്ക് മുമ്പേ മറൈൻഡ്രൈവ് ജനസാഗരമായി. പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് വേദിക്കരികിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ട് തടഞ്ഞു. വേദിയിൽ നേതാക്കളുടെ നീണ്ട നിരയും.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്‌നിക്, ഉമ്മൻചാണ്ടി, പ്രവർത്തകസമിതി അംഗങ്ങളായ എ.കെ. ആന്റണി, പി.സി. ചാക്കോ, രമേശ് ചെന്നിത്തല, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്‌ണുനാഥ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സുധാകരൻ, കെ.വി. തോമസ് എം.പി, ഷാനിമോൾ ഉസ്‌മാൻ എന്നിവർ പ്രസംഗിച്ചു. വയലാർ രവി, പി.പി.തങ്കച്ചൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹ്‌നാൻ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്‌ണപിള്ള, കെ. മുരളീധരൻ, വി.എം.സുധീരൻ, എം.എം. ഹസൻ, ശശി തരൂർ എം.പി, ലതികാ സുഭാഷ്, ഹൈബി ഈഡൻ എം.എൽ.എ എന്നിവരും വേദിയിലുണ്ടായിരുന്നു.