udf

കൊച്ചി: രാഹുൽ ഗാന്ധിക്ക് മുന്നിൽ ഗൗരവത്തോടെ എഴുന്നേറ്റു നിന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ.ജോസഫ് പറഞ്ഞു തുടങ്ങി. '1977 മുതൽ കേരള കോൺഗ്രസിന് എം.പി മാരുണ്ട്. 84 ൽ മൂന്നു സീറ്റ് ലഭിച്ചപ്പോൾ രണ്ടിൽ ജയിച്ചു. ഭിന്നിച്ചു നിന്നപ്പോഴും രണ്ടും എം.പിമാരുണ്ട്. ഇപ്പോൾ ഒരുമിച്ചപ്പോൾ ഒരു എം.പിയേയുള്ളൂ. അതിനാൽ ഒരു സീറ്റ് കൂടി വേണം.' കസേരയിലിരുന്ന മാണി സാർ ഉടനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ' വി വാണ്ട് വൺ മോർ സീറ്റ്'.

ചിരിച്ചു കൊണ്ട് രാഹുൽ പറഞ്ഞു. ഈ വിഷയത്തിൽ ഇടപെടാനില്ല. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്‌ത് പരിഹാരം കാണൂ. ഉടൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ കമന്റ്. നമുക്ക് ചർച്ച ചെയ്യാം മാണി സാർ. എ.കെ. ആന്റണിയും രമേശ് ചെന്നിത്തലയും തലയാട്ടിയതോടെ ആ ചർച്ച അവസാനിച്ചു.

യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി എറണാകുളം ഗസ്‌റ്റ് ഹൗസിൽ നടത്തിയ ചർച്ച അരമണിക്കൂറിൽ അവസാനിച്ചു. രാഹുലിന് സ്വാഗതം പറയാൻ രമേശ് ചെന്നിത്തല നിയോഗിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയെ. മറൈൻഡ്രൈവിലെ പ്രസംഗം തകർത്തെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ കമന്റ്. 20 സീറ്റും നേടാൻ കഴിയും. അതിന് രാഹുലിന്റെ പ്രസംഗം പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ലീഗിന് കൂടുതൽ സീറ്റ് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടില്ല.

കെ.എം. മാണിയും പ്രസംഗം ഗംഭീരമാണെന്ന് പറഞ്ഞു. എൻ.കെ. പ്രേമചന്ദ്രൻ പാർലമെന്റിൽ മോദിയെ രാഹുൽ കടന്നാക്രമിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. സീറ്റ് വിഭജനത്തിന് ശേഷവും ഈ കെട്ടുറപ്പ് നിലനിറുത്തണമെന്ന് ജോണി നെല്ലൂർ ആവശ്യപ്പെട്ടു. ആദ്യമായാണ് ഒരു കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് സി.പി. ജോൺ പറഞ്ഞു.