കൊച്ചി: പടിവാതിൽ കയറിയെത്തിയ രാഹുൽഗാന്ധിക്ക് മുന്നിൽ അമീന ഷാനവാസ് കൈകൂപ്പി. ബാപ്പയുടെ ജീവനായി കരൾ പകുത്ത് നൽകിയ മകൾക്കു മുന്നിൽ രാഹുലും ശിരസ് നമിച്ചു.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് രാഹുൽ ഗാന്ധി അന്തരിച്ച കോൺഗ്രസ് നേതാവും എം.പിയുമായിരുന്ന എം.എ. ഷാനവാസിന്റെ വസതിയിലെത്തിയത്.
മരണാനന്തരം ഷാനവാസിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് രാഹുലിന്റെ സന്ദർശനമെന്ന് കുടുംബാംഗങ്ങൾ പ്രതികരിച്ചു. രാഹുൽഗാന്ധി തങ്ങളെ വീട്ടിൽ വന്ന് സന്ദർശിച്ചത് ബാപ്പയോടുള്ള സ്‌നേഹവും ബഹുമാനവും കൊണ്ടാണ്. രാജ്യം ഉറ്റുനോക്കുന്ന ഈ വലിയ നേതാവ് തിരക്കുകൾക്കിടയിലും തങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയത് പിതാവിനുള്ള ബഹുമതിയായാണ് കാണുന്നതെന്ന് ആമിന പറഞ്ഞു.
ഷാനവാസിനെ കുറിച്ചുള്ള ഓർമ്മകൾ രാഹുൽ കുടുംബാംഗങ്ങളുമായി പങ്കുവച്ചു.15 മിനിറ്റോളം ഇവിടെ ചെലവഴിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവായിരുന്നു ഷാനവാസെന്ന് രാഹുൽ അഭിപ്രായപ്പെട്ടു.
ഷാനവാസിന്റെ ഭാര്യ ജുബൈരിയത്ത് ബീഗം, മക്കളായ അമീന ഷാനവാസ്, ഹസീബ് ഷാനവാസ് , മരുമകനും കെ.എം.ആർ.എൽ എം.ഡി.യുമായ മുഹമ്മദ് ഹനീഷ്, മകൾ ഐഷ ഹനീഷ്, ഹസീബിൻറെ ഭാര്യ ടെസ്‌ന എന്നിവർ രാഹുലിനെ സ്വീകരിച്ചു. എ.കെ. ആന്റണി, മുകൾ വാസ്‌നിക്, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, ശശി തരൂർ, പ്രൊഫ. കെ.വി. തോമസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. രാഹുലിനെ കാണാൻ വലിയ ജനക്കൂട്ടം വീടിന് സമീപം തടിച്ച് കൂടിയിരുന്നു.