asif

കൊച്ചി: ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച കോഴിക്കാേട് സ്വദേശിയായ 12 കാരൻ മുഹമ്മദ് ആസിഫ് പിതാവിന്റെ ഒക്കത്തിരുന്ന് രാഹുൽഗാന്ധിയുടെ അടുത്തെത്തി. കൈകളിൽ കോരിയെടുത്ത രാഹുൽ ചോദിച്ചു എന്താ? പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദ്യം മലയാളത്തിലാക്കി.
മുടങ്ങിയ വിദ്യാഭ്യാസം തുടരാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് രാഹുലിന്റെ ഉറപ്പ്. സർക്കാരിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാര ജേതാവ് കൂടിയാണ് ആസിഫ്.

കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ആസിഫ് 90 ശതമാനം വികലാംഗനാണ്. വെളിമണ്ണ എൽ.പി സ്‌കൂളിലായിരുന്നു പഠനം. എൽ.പി കഴിഞ്ഞതോടെ ആസിമിന്റെ പഠനസൗകര്യാർതഥം കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്‌കൂൾ യു.പിയായി ഉയർത്തി. യു.പി കഴിഞ്ഞതോടെ മറ്റിടങ്ങളിൽ പോകാനുള്ള ബുദ്ധിമുട്ട് കാരണം ഹൈസ്‌കൂളാക്കി ഉയർത്താൻ അപേക്ഷ നൽകി. സർക്കാർ കൈയൊഴിഞ്ഞതോടെ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായിട്ടും സർക്കാർ കനിഞ്ഞില്ല. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായി. വിധിക്കെതിരെ സക്കാർ അപ്പീൽ നൽകിയതോടെ പഠനം മുടങ്ങി. വിദ്യാഭ്യാസം തുടരാനുള്ള അടങ്ങാത്ത ആഗ്രഹവുമായാണ് ആസിഫ് രാഹുൽ ഗാന്ധിയെ കണ്ടത്.