high-court

കൊച്ചി : മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങളും സമരങ്ങളും തടയാൻ നടപടി ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ. കെ.ഐ. ജോർജി ഹൈക്കോടതിയിൽ ഹർജി നൽകി. പുറത്തുനിന്നുള്ളവരുടെ പിന്തുണയോടെ കാമ്പസിൽ സംഘടനകൾ അവരുടെ യൂണിറ്റുകൾ സ്ഥാപിച്ച് മീറ്റിംഗുകളും പ്രകടനങ്ങളും നടത്തുന്നുണ്ട്. ഇതിനു പുറമേ സമരം നടത്താൻ കുട്ടികളെ പ്രേരിപ്പിക്കുന്നു. കാമ്പസിൽ ഫ്ളക്സ് ബോർഡുകളും സംഘടനകളുടെ പതാകകളും സ്ഥാപിച്ചു. ഇൗ അദ്ധ്യയനവർഷം തന്നെ സംഘർഷത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിടേണ്ടിവന്നു. പിന്നീട് ഹൈക്കോടതി ഇടപെട്ട് പൊലീസ് സംരക്ഷണമുൾപ്പെടെ ഒരുക്കിയാണ് ക്ളാസുകൾ പുനരാരംഭിച്ചത്. സമരങ്ങളെത്തുടർന്ന് പ്രവൃത്തി ദിനങ്ങൾ നഷ്ടമാകുന്ന സ്ഥിതിയുണ്ട്. കോളേജുകളിലെ കാമ്പസ് രാഷ്ട്രീയത്തെ നിയന്ത്രിക്കാൻ മാനേജ്മെന്റുകൾക്ക് അധികാരമുണ്ടെന്ന് സോജൻ ഫ്രാൻസിസ് കേസിലുൾപ്പെടെ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കാമ്പസിലെ രാഷ്ട്രീയപ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള കോളേജ് അധികൃതരുടെ നടപടിയോടു സഹകരിക്കാൻ സംസ്ഥാന സർക്കാരിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നിർദ്ദേശം നൽകണം, മാർ ഇവാനിയോസ് കോളേജിൽ അക്കാഡമിക് അന്തരീക്ഷം നിലനിറുത്തുന്നതിന് സർക്കാരിന് ചുമതലയുണ്ടെന്ന് പ്രഖ്യാപിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. കെ.എസ്.യു, എസ്.എഫ്.ഐ എന്നീ വിദ്യാർത്ഥി സംഘടനകളെയും ഹർജിയിൽ കക്ഷിയാക്കിയിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.